‘സർക്കാരിന്റെ മുഖം വളരെ വികൃതം’
സ്വന്തം ലേഖകൻ
Thursday, September 28, 2023 7:05 AM IST
തിരുവനന്തപുരം: വിവാദങ്ങളിൽപ്പെട്ട് സംസ്ഥാന സർക്കാരിന്റെ മുഖം വളരെ വികൃതമായിരിക്കുകയാണെന്നു സിപിഐ സംസ്ഥാന കൗണ്‍സിലിൽ വിമർശനം. കോടികൾ ചെലവഴിച്ചാൽ തെറ്റുകൾ തിരുത്താൻ കഴിയുമെന്നതു വ്യാമോഹമാണ്. ഇതു തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയനോ ഇടതുമുന്നണി നേതൃത്വത്തിനോ കഴിയുന്നില്ല.
രണ്ടര വർഷം കഴിഞ്ഞിട്ടും പ്രധാനപ്പെട്ട ഒരു പദ്ധതിയും സർക്കാരിനു ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനോ കഴിഞ്ഞ സർക്കാരിന്റെ കാലത്തു തുടങ്ങിവച്ച ലൈഫ് പദ്ധതി പോലും പൂർത്തിയാക്കാനോ സാധിച്ചില്ലെന്നും സിപിഐ സംസ്ഥാന കൗണ്‍സിലിൽ ശക്തമായ വിമർശനം ഉയർന്നു.
മകളുടെ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി നൽകിയ മറുപടി സാധാരണ ജനങ്ങൾക്കു ദഹിക്കുന്നതല്ലെന്നു സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ സംസ്ഥാന കൗണ്‍സിലിൽ പറഞ്ഞു. ധനകാര്യ മന്ത്രി മുതലാളിമാരെപ്പോലെയാണു പെരുമാറുന്നതെന്നു പറഞ്ഞ രാധാകൃഷ്ണൻ, മുഖ്യമന്ത്രിയെ കണ്ടു ജനങ്ങൾക്കു പരാതിപോലും പറയാൻ കഴിയാത്ത സാഹചര്യമാണെന്നും പറഞ്ഞു. കൗണ്‍സിലിൽ ചർച്ചയിൽ പങ്കെടുത്തവരെല്ലാം മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും രൂക്ഷമായാണു വിമർശിച്ചത്. കഴിഞ്ഞ ഏഴു വർഷമായുള്ള ഭരണത്തിൽ എടുത്തുകാണിക്കാൻ കഴിയുന്ന ഒരു പ്രധാന പദ്ധതി പോലും ഇല്ല.
സിൽവർലൈൻ പറഞ്ഞു ജനങ്ങളെ എതിരാളികളാക്കിയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല. ഇടതുമുന്നണി യോഗം പോലും പ്രഹസനമാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കാര്യങ്ങൾ വിശദീകരിക്കുന്നതിനു മുന്‍പുതന്നെ എ.കെ. ബാലനെപ്പോലെയുള്ള നേതാക്കൾ മാധ്യമങ്ങളെ കാണുന്നു. സഹകരണ മേഖലയിലെ സാന്പത്തിക ക്രമക്കേടുകൾ സർക്കാരിനും ഇടതുമുന്നണിക്കും നാണക്കേടുണ്ടാക്കി. വിവാദങ്ങളിലും അഴിമതിയിലുംപെട്ട സർക്കാരാണെന്ന ഖ്യാതി മാത്രമാണ് ഇപ്പോഴുള്ളതെന്നും കൗണ്‍സിലിൽ നേതാക്കൾ പറഞ്ഞു.
കേരളീയം പോലുള്ള പരിപാടികൾ ധൂർത്താണ്. ഇപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്താൻ പോകുന്ന മണ്ഡലപര്യടനംകൊണ്ട് ഒരു ഗുണവും സർക്കാരിനോ ഇടതുമുന്നണിക്കോ ലഭിക്കില്ല. തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകാൻ തയാറായില്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെ പിന്നാലെ വരുന്ന തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിക്കു കനത്ത തിരിച്ചടിയാകും ഉണ്ടാകുകയെന്നും സിപിഐ സംസ്ഥാന കൗണ്‍സിലിൽ വിമർശനമുണ്ടായി. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്കെതിരേയും വിമർശനമുണ്ടായി. റവന്യു, കൃഷി വകുപ്പുകൾ പ്രതീക്ഷിച്ച നിലവാരം പുലർത്തുന്നില്ലെന്ന ആക്ഷേപവും ഉയർന്നു.