പോക്സോ കേസിലെ ഇരയെ പ്രതി വിവാഹം ചെയ്തു; കേസ് ഹൈക്കോടതി റദ്ദാക്കി
Wednesday, September 27, 2023 6:18 AM IST
കൊച്ചി: പോക്സോ കേസിലെ ഇരയെ പ്രതി പിന്നീട് വിവാഹം ചെയ്ത സാഹചര്യത്തില്‍ പ്രോസിക്യൂഷന് നടപടി തുടരുന്നതില്‍ പ്രയോജനമില്ലെന്നു വിലയിരുത്തി ഹൈക്കോടതി കേസ് റദ്ദാക്കി.
തനിക്കെതിരായ പോക്സോ കേസ് റദ്ദാക്കാന്‍ പത്തനാപുരം കുണ്ടയം സ്വദേശി നല്കിയ ഹര്‍ജി അനുവദിച്ച് ജസ്റ്റീസ് പി. ഗോപിനാഥാണ് വിധി പറഞ്ഞത്.
പെണ്‍കുട്ടി പ്ലസ് ടു വിദ്യാര്‍ഥിയായിരിക്കെ നിരവധി തവണ മോശമായി പെരുമാറിയെന്നും പിന്നീട് 2019ല്‍ പെണ്‍കുട്ടിയെ ഹര്ജിക്കാരന് പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. പത്തനാപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിപ്പോള്‍ പുനലൂര്‍ പോക്സോ കോടതിയുടെ പരിഗണനയിലാണ്.
ഇതിനിടെ കഴിഞ്ഞ ജൂണ്‍ അഞ്ചിന് ഇരയെ ഹര്ജിക്കാരന് വിവാഹം ചെയ്തു. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റും ഹര്ജിക്കാരന് ഹൈക്കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂട്ടറും ഇതു ശരിവച്ചു. ഇരുവരും ഭാര്യാഭര്ത്താക്കന്മാരായി കഴിയുകയാണെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി. തുടര്‍ന്നാണ് പത്തനാപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും പുനലൂര്‍ പോക്സോ കോടതിയിലെ തുടര്‍നടപടികളും ഹൈക്കോടതി റദ്ദാക്കിയത്.