അധ്യാപക ക്ലസ്റ്റർ യോഗങ്ങൾ പുനരാരംഭിക്കാൻ തീരുമാനം
Wednesday, September 27, 2023 6:17 AM IST
തിരുവനന്തപുരം: അധ്യാപക ക്ലസ്റ്റർ യോഗങ്ങൾ പുനരാരംഭിക്കാൻ വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം തീരുമാനിച്ചു.
കോവിഡ് വ്യാപനത്തെത്തുടർന്ന് മുടങ്ങിയ ക്ലസ്റ്റർ യോഗങ്ങൾ ഈ വർഷം നടത്താൻ ഇന്നലെ ചേർന്ന ക്യുഐപി യോഗത്തിൽ തീരുമാനമായി. പഞ്ചായത്ത് കേന്ദ്രങ്ങളിലും ബിആർസി കേന്ദ്രങ്ങളിലുമാണ് അധ്യാപകരുടെ ചർച്ചായോഗങ്ങൾ സംഘടിപ്പിക്കുക. ഒക്ടോബർ ഏഴിന് ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ അധ്യാപകർക്കും നവംബർ 23ന് ഒന്നു മുതൽ പ്ലസ് ടു വരെയുള്ള അധ്യാപകർക്കും ജനുവരി 11ന് ഒന്നു മുതൽ 12 വരെ ക്ലാസുകളിലുള്ളവർക്കും ഫ്രെബ്രുവരി അഞ്ചിനു പ്രൈമറിക്കാർക്കുമാണു യോഗങ്ങൾ.
നവംബർ മൂന്നിന് കേന്ദ്ര സർക്കാർ നടത്തുന്ന സ്റ്റേറ്റ് എഡ്യൂക്കേഷണൽ അച്ചീവ്മെന്റ് സർവേയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തുകൊടുക്കാനും തീരുമാനിച്ചു. 12,000 സ്കൂളിലെ മൂന്ന്, ആറ്, ഒന്‍പത് ക്ലാസുകളിലെ കുട്ടികൾക്ക് സാന്പിൾ ടെസ്റ്റാണ് സർവേയുടെ ഭാഗമായി നടത്തുന്നത്. ഓണ്‍ലൈനായി ചേർന്ന ക്യൂഐപി യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷത വഹിച്ചു. അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.