ഇഡിയെ തേടി പോലീസ്
Thursday, September 21, 2023 1:41 AM IST
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന പരാതിയുമായി വടക്കാഞ്ചേരി നഗരസഭ സിപിഎം കൗണ്‍സിലര്‍ പി.ആര്. അരവിന്ദാക്ഷന്.
മർദനത്തെത്തുടര്‍ന്ന് ചികിത്സ തേടിയതിന്റെ രേഖകളും എറണാകുളം സെന്‍ട്രല്‍ പോലീസില്‍ നല്കിയ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെ സെൻട്രല്‍ സിഐ അനീഷ് ജോയി ഇഡി ഓഫീസിലെത്തി ഉദ്യോഗസ്ഥരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു.
പ്രാഥമിക അന്വേഷണത്തിനു ശേഷമാകും തുടർനടപടികളിലേക്ക് കടക്കുകയെന്ന് പോലീസ് അറിയിച്ചു. അതേസമയം ചോദ്യം ചെയ്യലിനുശേഷം അരവിന്ദാക്ഷന് ചിരിച്ചുകൊണ്ടാണ് മടങ്ങിയതെന്നാണ് ഇഡിയുടെ വിശദീകരണം. മുന്‍ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എ.സി. മൊയ്തീനെതിരേ മൊഴി നല്കാന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് പി.ആര്. അരവിന്ദാക്ഷന് പറഞ്ഞു.
ഹിന്ദി ഭാഷ സംസാരിക്കുന്ന ഉദ്യോഗസ്ഥനാണു മര്‍ദിച്ചത്. മുളവടിക്ക് കൈയിലും കൈകൊണ്ട് കഴുത്തിലും മർദിച്ചു. എ.സി. മൊയ്തീനെതിരേ മൊഴി നല്‍കിയില്ലെങ്കില്‍ പുറംലോകം കാണിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും അരവിന്ദാക്ഷന് പറഞ്ഞു.
കരുവന്നൂര്‍ കേസില്‍ അരവിന്ദാക്ഷനെ കഴിഞ്ഞ എട്ടു മുതല്‍ 15 വരെ പല ദിവസങ്ങളിലായി ഇഡി ചോദ്യം ചെയ്തിരുന്നു. 12ന് നടന്ന ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥര്‍ മർദിച്ചതായാണ് അരവിന്ദാക്ഷന് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.