ആറു മന്ത്രിമാരുടെ സുരക്ഷ വർധിപ്പിക്കുന്നു
Wednesday, September 20, 2023 12:31 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അനകസ് രണ്ടിൽ ഓഫീസുള്ള കൃഷി മന്ത്രി പി. പ്രസാദ് അടക്കമുള്ള ആറു മന്ത്രിമാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി 2.53 കോടി രൂപ അനുവദിച്ചു സർക്കാർ. അനക്സ് രണ്ടിലെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ സിസിടിവി സംവിധാനം ശക്തിപ്പെടുത്തുന്നതിനാണു തുക അനുവദിച്ചത്.
സംഭരിച്ച നെല്ലിന്റെ വില കിട്ടാതെ ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്ത ദിവസമാണു കൃഷിമന്ത്രി അടക്കമുള്ളവരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി 2.53 കോടി രൂപ അനുവദിച്ചതെന്ന പ്രത്യേകതയുമുണ്ട്.
സെക്രട്ടേറിയറ്റ് അനക്സ് രണ്ടിൽ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, വീണാ ജോർജ്, ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, പി. പ്രസാദ് എന്നിവരുടെ ഓഫീസുകളാണുള്ളത്. കൃഷി മന്ത്രി പി. പ്രസാദിന്റെ ഓഫിസ് ഒന്നാം നിലയിലാണ് രണ്ടാം നിലയിൽ വി. ശിവൻ കുട്ടിയുടെയും മൂന്നാം നിലയിൽ ആർ. ബിന്ദുവിന്റെയും ഓഫീസുകളാണ്. ആറാം നിലയിലാണ് ജെ. ചിഞ്ചുറാണിയുടെയും മുഹമ്മദ് റിയാസിന്റെയും ഓഫീസ്.
ഏഴാം നിലയിലാണ് വീണാ ജോർജിന്റെ ഓഫീസ്. അനക്സ്-രണ്ടിലെ സുരക്ഷ ശക്തിപ്പെടുത്താൻ പുതിയ സിസിടിവി സ്ഥാപിച്ചു. കൊച്ചിയിലെ ഇൻഫോകോം എന്ന സ്ഥാപനമാണ് സിസിടിവി സംവിധാനം സ്ഥാപിച്ചത്. നിർമാണച്ചെലവായ 2.53 കോടി രൂപ കന്പനിക്ക് അനുവദിച്ചു പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
അഞ്ച് ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ, രണ്ട് ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടർ, 101 കാമറകൾ എന്നിവയാണ് ഇതിൽ പ്രധാനമായുള്ളത്. ആറു മാസത്തെ വിവര സംഭരണശേഷിയുള്ള നിരീക്ഷണ കാമറ സംവിധാനവും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെ അത്യാധുനിക സുരക്ഷയാണ് ഇവിടെ ഒരുക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിൽ കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഇവിടുത്തെ ലിഫ്റ്റ് സംവിധാനം അടക്കം അടുത്തിടെ മാറ്റി സ്ഥാപിച്ചിരുന്നു.