കോളജുകളിൽ വിദ്യാർഥീ പരാതിപരിഹാര സെൽ ഒരു മാസത്തിനകം രൂപീകരിക്കും
Friday, June 9, 2023 1:04 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളജുകളിലും സർവകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനുള്ളിൽ വിദ്യാർഥി പരാതിപരിഹാര സെൽ രൂപീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ വിദ്യാർഥിനി ശ്രദ്ധയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി തീരുമാനമെടുത്ത് ഉത്തരവിറക്കിയതെന്നു മന്ത്രി അറിയിച്ചു.
സർവകലാശാലകളിൽ വകുപ്പ് മേധാവി അധ്യക്ഷനായാവും പരാതിപരിഹാര സെൽ. കോളജുകളിൽ പ്രിൻസിപ്പലായിരിക്കും സെല്ലിന്റെ മേധാവി. ഒരു വനിത ഉൾപ്പെടെ വകുപ്പ് മേധാവി ശിപാർശ ചെയ്യുന്ന രണ്ട് അധ്യാപകർ സമിതിയിലുണ്ടാകും. കോളജ് യൂണിയൻ, ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റസ് യൂണിയൻ ചെയർപേഴ്സണ്, വിദ്യാർഥികളിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു പ്രതിനിധികളും സെല്ലിലുണ്ടാകും. അതിൽ ഒരു വനിതയുമുണ്ടാകും. വകുപ്പുമേധാവി നാമനിർദേശം ചെയ്യുന്ന ഭിന്നശേഷി വിഭാഗത്തിൽനിന്നുള്ള വിദ്യാർഥി, എസ്സി, എസ്ടി വിഭാഗത്തിൽനിന്നുള്ള വിദ്യാർഥി എന്നിവരും സമിതിയിൽ അംഗങ്ങളായിരിക്കും.
ഇവർക്കു പുറമേ പിടിഎ പ്രതിനിധി, സർവകലാശാലാ പ്രതിനിധിയായി സിൻഡിക്കറ്റ് നാമനിർദേശം ചെയ്യുന്ന അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക എന്നിവരും സെല്ലിന്റെ ഭാഗമായിരിക്കും.
പരാതികൾക്കുമേൽ സർവകലാശാലാ തലത്തിൽ അപ്പീൽ സംവിധാനം ഉണ്ടാകും.
കോളജ്തല സമിതിയുടെ തീരുമാനത്തിൽ ആക്ഷേപമുണ്ടായാൽ വിദ്യാർഥികൾക്ക് സർവകലാശാലാ അപ്പലേറ്റ് സമിതിയെയോ നിലവിലുള്ള ട്രൈബ്യൂണലിനേയോ സമീപിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാർഥികളുടെ അവകാശരേഖ നിയമത്തിന്റെ ഭാഗമാക്കും: മന്ത്രി
തിരുവനന്തപുരം: വിദ്യാർഥികളുടെ ജനാധിപത്യപരവും അക്കാദമികവും വ്യക്തിപരവുമായ അവകാശങ്ങൾ ഉറപ്പു വരുത്തുന്ന ’വിദ്യാർഥികളുടെ അവകാശരേഖ’ സർവകലാശാല നിയമത്തിന്റെ ഭാഗമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.