വിദേശജോലി വാഗ്ദാനം ചെയ്ത് ആറു ലക്ഷം തട്ടിയയാൾ അറസ്റ്റില്‍
Tuesday, June 6, 2023 12:38 AM IST
കൊച്ചി: യൂറോപ്പിൽ മത്സ്യഫാക്ടറിയില്‍ പായ്ക്കിംഗ് ജോലി വാഗ്ദാനം ചെയ്തു മൂന്നു പേരില്‍നിന്നായി ആറു ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍.
കലൂര്‍ ചമ്മിണി ടവേഴ്സില്‍ പ്രവര്‍ത്തിക്കുന്ന ‘സന ഇന്റര്‍നാഷണല്‍’ എന്ന സ്ഥാപനത്തിന്റെ ഉടമ മാള പൊയ്യ ചിമ്മാച്ചേരി വീട്ടില്‍ ഷിന്‍സണ്‍ തോമസി(38)നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന്, പ്രിന്‍സിപ്പല്‍ എസ്ഐ ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ജോലി വാഗ്ദാനം ചെയ്ത് എളമക്കര സ്വദേശിയില്‍നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. ജോലിയുടെ വര്‍ക്കിംഗ് പെര്‍മിറ്റ് എടുക്കുന്നതിനായി രണ്ടു ലക്ഷം രൂപ അഡ്വാന്‍സായി നൽകണമെന്ന് ഷിന്‍സണ്‍ എളമക്കര സ്വദേശിയെ അറിയിക്കുകയുണ്ടായി. ഇതുപ്രകാരം 2022 ഒക്ടോബര്‍ 28ന് ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടു ലക്ഷം രൂപ അടച്ചിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് എളമക്കര സ്വദേശി കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയത്.
എളമക്കര സ്വദേശിയെ കൂടാതെ രണ്ടുപേര്‍കൂടി നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഷിന്‍സണ്‍ ഇപ്പോള്‍ ചേരാനല്ലൂരില്‍ വാടകയ്ക്കു താമസിക്കുകയാണ്.