"കവച് ’ ഫയലിൽ ഉറങ്ങുന്നു
Sunday, June 4, 2023 12:41 AM IST
സിജോ പൈനാടത്ത്
കൊച്ചി: കഴിഞ്ഞ ഫെബ്രുവരി 17നു ന്യൂഡൽഹിയിൽ നടന്ന ഗ്ലോബൽ ബിസിനസ് സമ്മിറ്റ് 2023ൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയ വീഡിയോ പ്രസന്റേഷൻ ഇന്നലെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ തോതിൽ പങ്കുവയ്ക്കപ്പെട്ടു.
ഒരേ ട്രാക്കിലൂടെ നേർക്കുനേർ പാഞ്ഞുവരുന്ന രണ്ടു ട്രെയിനുകൾ ലോക്കോ പൈലറ്റിന്റെ ഇടപെടലില്ലാതെ 400 മീറ്റർ അകലത്തിൽ അപകടമില്ലാതെ നിർത്തുന്നതിന്റെ ദൃശ്യങ്ങളോടെയായിരുന്നു മന്ത്രിയുടെ അവതരണം.
യൂറോപ്യൻ സുരക്ഷാസംവിധാനങ്ങളെ വെല്ലുന്ന സാങ്കേതികത്തികവെന്ന അവകാശവാദത്തോടെ ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ച കവച് ടെക്നോളജിയെക്കുറിച്ചായിരുന്നു മന്ത്രിയുടെ അവതരണം. ഒഡീഷയിലെ ബാലസോറിനടുത്ത് രാജ്യം കണ്ട വലിയ ട്രെയിൻ അപകടമുണ്ടായതിനു പിന്നാലെ കവചും ചർച്ചയാവുകയാണ്. അപകടം നടന്ന റൂട്ടിൽ കവച് സംവിധാനം ഉണ്ടായിരുന്നില്ലെന്നു റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
കവച് എന്നാൽ?
ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനായി 2011 ൽ ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ച ട്രെയിന്‍ കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം (ടിസിഎഎസ്) ആണു പിന്നീട് കവച് ആയി മാറിയത്. സിഗ്നലിംഗ് സംവിധാനത്തിലെ പിഴവ്, സിഗ്നൽ ശ്രദ്ധിക്കാതെയുള്ള ട്രെയിനിന്റെ സഞ്ചാരം തുടങ്ങിയ അപകടഘട്ടങ്ങളിൽ കവച് സാങ്കേതികവിദ്യയിലൂടെ ട്രെയിൻ സുരക്ഷിതമായി നിർത്താനാകും. അപകടഘട്ടത്തിൽ ലോക്കോ പൈലറ്റ് ബ്രേക്ക് ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചാലും കവച് സുരക്ഷാ കവചമാകും. ജിപിഎസ്, റേഡിയോ ടെക്നോളജി എന്നിവ വഴിയാണ് ഓട്ടോബ്രേക്കിംഗ് സംവിധാനത്തോടെയുള്ള "കവചി’ന്റെ പ്രവര്‍ത്തനമെന്നു റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
സിഗ്നൽ ശ്രദ്ധിക്കാതെ ട്രെയിൻ മുന്നോട്ടുപോകുന്ന സ്ഥിതിയുണ്ടായാൽ (എസ്പിഎഡി) ലോക്കോപൈലറ്റിനു കവച് സംവിധാനത്തിലൂടെ വിവരം ലഭിക്കും. ഉടൻ ഓട്ടോമാറ്റിക് ബ്രേക്കിംഗ് സിസ്റ്റവും പ്രവർത്തിക്കും. സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും ഉയർന്ന സർട്ടിഫിക്കേഷനായ എസ്ഐഎൽ 4 (സേഫ്റ്റി ഇന്റഗ്രിറ്റി ലെവൽ 4) കവചിനുണ്ടെന്നു റെയിൽവേ വൃത്തങ്ങൾ പറയുന്നു.
റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) ആണ് കവച് സാങ്കേതികവിദ്യ രൂപകല്പന ചെയ്തത്. ഒരു കിലോമീറ്ററിന് 20 ലക്ഷമാണു പദ്ധതിക്കു ചെലവു വരുന്നത്.
യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രിയായിരുന്ന മമത ബാനർജിയാണു പദ്ധതി ആദ്യം അവതരിപ്പിച്ചത്. 2014ല്‍ എൻഡിഎ സര്‍ക്കാര്‍ പദ്ധതിയുടെ പേര് "കവച്’ എന്നാക്കി.
കവച് കുറച്ചു മാത്രം!
ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ ട്രെയിൻ സുരക്ഷാ സാങ്കേതിക വിദ്യയെന്നുകൂടി അറിയപ്പെടുന്ന കവച്, ഇന്ത്യയിൽ പ്രവർത്തിക്കുന്നത് പേരിനു മാത്രമാണെന്നതാണു സത്യം. 68,043 കിലോമീറ്ററുള്ള ഇന്ത്യൻ റെയിൽവേയുടെ 1,455 കിലോമീറ്റർ പാതയിൽ മാത്രമാണു കവച് സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചിട്ടുള്ളത്.
അതായത്, ആകെയുള്ള റെയിൽപ്പാതയുടെ രണ്ടു ശതമാനത്തിൽ താഴെ മേഖലയിൽ മാത്രമാണു കവചിന്റെ സുരക്ഷിതത്വമുള്ളതെന്നർഥം.
2022 ലെ കേന്ദ്രബജറ്റിൽ ആത്മനിർഭർ ഭാരതിന്റെ ഭാഗമായി 2000 കിലോമീറ്റർ റെയിൽപാതയിൽ കവച് നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.