ബസിലിക്ക തുറക്കാൻ എല്ലാവരും സഹകരിക്കണം: മാർ ആൻഡ്രൂസ് താഴത്ത്
Sunday, May 28, 2023 2:59 AM IST
തൃശൂർ: എറണാകുളം സെന്റ് മേരീസ് ബസിലിക്ക തുറക്കാൻ എല്ലാവരും സഹകരിക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
മാർപാപ്പ എഴുതിയ രണ്ടു കത്തുകളുടേയും അഡ്മിനിസ്ട്രേറ്റർക്ക് നല്കിയ നിയമന കൽപനയുടേയും അടിസ്ഥാനത്തിൽ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന അർപ്പണരീതി മാത്രമേ ബസിലിക്കയിൽ അനുവദനീയമായിട്ടുള്ളൂ. പൂർണ ജനാഭിമുഖ കുർബാന ചൊല്ലുകയാണെങ്കിൽ അത് സഭാനിയമങ്ങൾക്കു വിരുദ്ധവും കത്തോലിക്കാ സഭയിലെ കൂട്ടായ്മയ്ക്ക് എതിരായുള്ള പ്രവർത്തനവും ആകും.
ഈ സാഹചര്യത്തിൽ 2023 മാർച്ചിൽ ബസിലിക്ക ഇടവകാംഗങ്ങൾക്ക് എഴുതിയതുപോലെ ബസിലിക്ക തുറന്ന് സഭ അനുശാസിക്കുന്ന രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കുവാൻ സഹകരിക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു.
സഭാ കൂട്ടായ്മയെ നശിപ്പിക്കുന്ന തെറ്റായ പ്രചാരണങ്ങളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ വിശ്വാസികളോടും വിനീതമായി അപേക്ഷിക്കുന്നുവെന്നും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പ്രസ്താവനയിൽ അറിയിച്ചു.
ബസിലിക്ക അടച്ചുപൂട്ടിയത് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് ആണെന്നുള്ള തെറ്റായ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ആർച്ച്ബിഷപ് പ്രസ്താവന ഇറക്കിയത്. ബസിലിക്ക വികാരിയുമായുള്ള മുൻ ധാരണ പ്രകാരം 2022 നവംബർ 27ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പരിശുദ്ധ കുർബാന അർപ്പിക്കാൻ ചെന്നപ്പോൾ, 46 വാഹനങ്ങളിൽ വന്നിരുന്നവരും മറ്റും ഗേറ്റ് പൂട്ടി തടഞ്ഞതിനെത്തുടർന്നുണ്ടായ തർക്കത്തെത്തുടർന്ന് പോലീസ് ബസിലിക്ക അടച്ചെങ്കിലും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ അപേക്ഷപ്രകാരം ബന്ധപ്പെട്ട സിവിൽ അധികാരികൾ ബസിലിക്ക തുറക്കാൻ അനുവദിച്ചു.
എന്നാൽ, ബസിലിക്ക തുറന്ന ഉടനെ സഭാധികാരികളുടെ തീരുമാനത്തിനു വിരുദ്ധമായി നിയമാനുസൃതമല്ലാത്ത കുർബാനകൾ ബസലിക്കയിൽ തുടർച്ചയായി അർപ്പിക്കുകയും ചില വിശ്വാസികൾ അൾത്താരയിൽ കയറി അതു തടസപ്പെടുത്തുകയും ചെയ്തു. തുടർന്നുണ്ടായ ബഹളത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും പോലീസ് ഇടപെട്ട് ജനങ്ങളെ ബസിലിക്കയിൽനിന്നു പുറത്താക്കിയത്.
പിന്നീട് ബസിലിക്ക അടച്ചിടാൻ കാരണമായത് വികാരിയുടെയും ബസിലിക്ക അഡ്മിനിസ്ട്രേറ്ററുടെയും നേതൃത്വത്തിൽ പോലീസിന്റെ സാന്നിധ്യത്തിൽ ഉണ്ടായ ധാരണപ്രകാരമാണ്. ബസിലിക്ക അടച്ചിടാൻ ഉണ്ടായ ഈ തീരുമാനം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ അറിയുന്നത് പിന്നീടാണ്. അതിനാൽ ബസിലിക്ക അടച്ചിടാൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററാണ് കാരണക്കാരൻ എന്ന് പറയുന്നതു തികച്ചും തെറ്റാണെന്നും മാർ ആൻഡ്രൂസ് താഴത്ത് പ്രസ്താവനയിൽ പറഞ്ഞു.