യൂത്ത് കോണ്‍ഗ്രസുകാർ കൂടുതൽ പൊളിറ്റിക്കലാകണം: വി.ഡി. സതീശൻ
Saturday, May 27, 2023 1:05 AM IST
തൃശൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കൂടുതൽ പൊളിറ്റിക്കലാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തൃശൂർ നന്ദനം കണ്വൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് ധാരണയുള്ളവരായിരിക്കണം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ. സമൂഹത്തിൽ ഒതുക്കപ്പെട്ടവർക്കു വേണ്ടിയാണ് പൊതുപ്രവർത്തനം നടത്തേണ്ടത്. ബോംബെറിയുന്നതും വെട്ടിക്കൊല്ലുന്നതും രാഷ്ട്രീയപ്രവർത്തനമല്ല, മറിച്ച് ക്രിമിനൽ പ്രവർത്തനമാണെന്നും വി.ഡി. സതീശൻ ഓർമിപ്പിച്ചു. വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെക്കൂടി ചേർത്തുനിർത്തിയാവണം പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ടി. സിദ്ധിഖ്, പി.സി. വിഷ്ണുനാഥ്, ഡീൻ കുര്യാക്കോസ്, എം. ലിജു, വി.ടി. ബൽറാം, രമ്യ ഹരിദാസ് എംപി, സി.ആർ. മഹേഷ് എംഎൽഎ, ജോസ് വള്ളൂർ, ജോസഫ് ചാലിശേരി, ശ്രാവണ്‍ റാവു, കെ.എസ്. ശബരിനാഥ്, റിജിൽ മാക്കുറ്റി, എസ്.എം. ബാലു, എൻ.എസ്. നുസൂർ, എസ്.ജെ. പ്രേംരാജ്, വിദ്യ ബാലകൃഷ്ണൻ, സി.ബി. പുഷ്പലത, ഒ.ജെ. ജനീഷ്, വൈശാഖ് നാരായണസ്വാമി, ജോബിൻ ജേക്കബ്, ആബിദ് അലി, സി. പ്രമോദ്, അഭിലാഷ് പ്രഭാകർ, ശോഭ സുബിൻ, സജീർ ബാബു എന്നിവർ പ്രസംഗിച്ചു.
സമാപനസമ്മേളം മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഇന്നു വൈകുന്നേരം അഞ്ചിനു സമ്മേളനം സമാപിക്കും.