വൈക്കം സത്യഗ്രഹത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ല: മല്ലികാര്‍ജുൻ ഖാര്‍ഗെ
Friday, March 31, 2023 1:23 AM IST
ജോൺസൺ വേങ്ങത്തടം
വൈക്കം: കേരളത്തിന്റെ സാമൂഹ്യചരിത്രത്തില്‍ മാറ്റത്തിനു കാരണമായ വൈക്കം സത്യഗ്രഹത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാര്‍ഗെ.
1925ല്‍ മാത്രം രൂപം കൊണ്ട ആര്‍എസ്എസിന്റെ അവകാശവാദം വെറും പൊള്ളയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൈക്കം സത്യഗ്രഹത്തിനും ഭാരതത്തിന്റെ സ്വാതന്ത്ര്യ ത്തിനുംവേണ്ടി പോരാടിയ കോണ്‍ഗ്രസിനെ ഏകാധിപത്യം കാണിച്ചു ഭയപ്പെടുത്തേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യ ത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ് രണ്ടാമത്തെ സ്വാതന്ത്ര്യസമരം ആരംഭിക്കേണ്ട സമയമായിരിക്കുന്നു.
വൈക്കം സത്യഗ്രഹത്തിന്റെ ഈ മണ്ണില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് നമുക്ക് പോരാട്ടം ആരംഭിക്കാം- ടി.കെ. മാധവന് നഗറില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യം ഏകാധിപത്യത്തിലേക്കു നീങ്ങുന്നതിനെ അപലപിക്കണമെന്നു വ്യക്തമാക്കിയ ഖാര്‍ഗെ, മോദിമാര്‍ പിന്നാക്ക ജാതിക്കാരാണെന്നു വരുത്തിത്തീര്‍ക്കാനുള്ള തെറ്റായ പ്രചാരണം അഴിച്ചു വിട്ടിരിക്കുന്നതു വിലപ്പോകില്ലെന്നും കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു പീഡിപ്പിക്കുന്നവര്‍ അദാനിയെക്കുറിച്ചുള്ള അന്വേഷണത്തിലേക്കു തിരിയുന്നില്ല. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടായിട്ടും സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കാന്‍ പ്രധാന മന്ത്രി ഭയപ്പെടുകയാണ്- ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് അധ്യക്ഷത വഹിച്ചു.
രാഹുല്‍ഗാന്ധിയുടെ ആശംസ കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം കെ.സി. ജോസഫ് വായിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാള്‍, രമേശ് ചെന്നിത്തല എംഎൽഎ, കെ. മുരളീധരന് എംപി, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് തുടങ്ങിയവര്‍ പ്രസംഗിച്ചു.