ലീഗിനെ വെട്ടിലാക്കി മുൻ സെക്രട്ടറി കെ.എസ്. ഹംസ
Monday, March 20, 2023 4:22 AM IST
കോഴിക്കോട്: ലീഗിനെ വെട്ടിലാക്കി കുഞ്ഞാലിക്കുട്ടിക്കെതിരേ ഗുരുതര ആരോപണവുമായി മുസ്ലിം ലീഗ് പുറത്താക്കിയ മുൻ സെക്രട്ടറി കെ.എസ്. ഹംസ. കുഞ്ഞാലിക്കുട്ടിയുടെ താത്പര്യപ്രകാരം ലീഗ് ആർഎസ്എസുമായി ചർച്ച നടത്തിയിട്ടുണ്ടെന്നാണു ഹംസ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. ഇതിനായി ലീഗിന്റെ ഒരു എംഎൽഎയെ കുഞ്ഞാലിക്കുട്ടി ചുമതലപ്പെടുത്തിയെന്നും ഹംസ ആരോപിക്കുന്നു.
ചന്ദ്രിക പണമിടപാട് കേസിൽ ഇഡിയെ സെറ്റിൽ ചെയ്തിട്ടുണ്ടെന്നു കുഞ്ഞാലികുട്ടി അറിയിച്ചതായും ഹംസ ആരോപിക്കുന്നു. കെ.ടി. ജലീലുമായി കുഞ്ഞാലിക്കുട്ടി ഒത്തുതീർപ്പിലെത്തിയെന്നും ഹംസ പറഞ്ഞു. മുസ്ലിം ലീഗിൽനിന്നു പുറത്താക്കിയതിനു പിന്നാലെ നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങളാണ് കെ.എസ്. ഹംസ ഉന്നയിച്ചത്.
ലീഗിനെ ഇടതുപാളയത്തിൽ എത്തിക്കുകയെന്നത് ആർഎസ്എസ് അജൻഡയാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഇതു ബിജെപിക്കു ഗുണം ചെയ്യുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടലെന്നും ഹംസ പറഞ്ഞു. ഇതിനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത്. സാദിഖലി തങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവലയത്തിലാണ്. ഇന്നലെ നടന്ന സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പിനെതിരേ കോടതിയെ സമീപിക്കും. സംസ്ഥാന കൗൺസിലിലേക്കു മത്സരിക്കാതിരിക്കാനാണു തെരഞ്ഞെടുപ്പു ദിവസം തന്നെ പുറത്താക്കിയതെന്നും ഹംസ പറഞ്ഞു.