തിമിരിയില്‍ ഭക്ഷ്യവിഷബാധ; 75 പേര് ആശുപത്രിയില്‍
Wednesday, February 1, 2023 12:42 AM IST
ചെറുവത്തൂര്‍(കാസർഗോഡ്): ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 75 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിമിരി കോട്ടുമൂലയിലെ ഒരു ക്ഷേത്രത്തിൽ കളിയാട്ടത്തിന്റെ ഭാഗമായി വിതരണം ചെയ്ത ഭക്ഷണത്തില്നിന്നാണു വിഷബാധയുണ്ടായതെന്നാണു കരുതുന്നത്.
തിങ്കളാഴ്ച ഇവിടെനിന്നു ഭക്ഷണം കഴിച്ചവര്‍ക്കാണു ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയേറ്റവര് ചെറുവത്തൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തിലും നീലേശ്വരം താലൂക്ക് ആശുപത്രിയിലും കരിവെള്ളൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തിലും ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നു മുതലാണ് ചെറുവത്തൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് അസ്വസ്ഥത അനുഭവപ്പെട്ടവർ ചികിത്സ തേടിയെത്തി തുടങ്ങിയത്. തിമിരി എംകെഎച്ച്എസ്എസ്, കുട്ടമത്ത് ഗവ.എച്ച്എസ്എസ്, കൊവ്വല്‍ എയുപി സ്കൂള്‍, തിമിരി എല്‍പി സ്കൂള്‍, കുഞ്ഞിപ്പാറ എഎല്‍പി സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണു ചികിത്സയിലുള്ളവരിൽ കൂടുതലും.
കഴിഞ്ഞവര്‍ഷം മേയ് രണ്ടിനു ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍ ചിലര്‍ക്കും ഇവിടെനിന്നു ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. കുട്ടികളുടെ രക്തം പരിശോധിച്ചതായും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായും മെഡിക്കല്‍ ഓഫീസര്‍ ഡി.ജി. രമേഷ് പറഞ്ഞു.
കൂടുതല്‍ പേര് ചികിത്സ തേടി എത്തിത്തുടങ്ങിയതോടെ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ കണ്ട്രോള് റൂം തുറന്നതായും നാല് ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ഉറപ്പുവരുത്തിയതായും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. നീലേശ്വരം താലൂക്ക് ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും സൗകര്യങ്ങള്‍ ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു.