ഭാരത് ജോഡോ യാത്രയ്ക്ക് സുരക്ഷ പിൻവലിക്കൽ; ഇന്നു വൈകുന്നേരം സർവമത പ്രാർഥന
Saturday, January 28, 2023 1:08 AM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സുരക്ഷ പിൻവലിച്ച നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഇന്നു വൈകുന്നേരം നാലിന് രാഹുൽ ഗാന്ധിക്കും ഭാരത് ജോഡോ യാത്രക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു പൊതുസമ്മേളനവും സർവമത പ്രാർഥനയും സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സുധാകരൻ അറിയിച്ചു.
രാഹുലിന്റെ ജനസ്വീകാര്യത കണ്ട് വിറളിപൂണ്ട ബിജെപി ഭരണകൂടം പദയാത്രയെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് സുരക്ഷ പിൻവലിച്ചത്. രാഹുലിന്റെ ജീവൻ വച്ചാണ് ബിജെപിയും കേന്ദ്രസർക്കാരും രാഷ്ട്രീയം കളിക്കുന്നത്.
അതീവസുരക്ഷ ആവശ്യമായ മേഖലയാണ് കാശ്മീർ താഴ്വര. മുന്നറിയിപ്പില്ലാതെയാണു ജോഡോ യാത്രയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിൻവലിച്ചത്. ഇതിനു പിന്നിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടായിട്ടുന്നെതിൽ സംശയമില്ല.
അപ്രതീക്ഷിതമായി സുരക്ഷ പിൻവലിക്കാനുണ്ടായ സാഹചര്യമെന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിഷ് ഷായും ജനങ്ങളോടു തുറന്നുപറയണമെന്നും സുധാകരൻ ആവശ്യ പ്പെട്ടു.