റബർ വിലസ്ഥിരതാ ഫണ്ട് 200 ആക്കാൻ കേന്ദ്രസഹായം ആവശ്യം: ധനമന്ത്രി
Friday, December 9, 2022 12:24 AM IST
തിരുവനന്തപുരം: റബർ വിലസ്ഥിരതാ ഫണ്ട് പ്രകാരം ഒരു കിലോ റബറിന് 200 രൂപയായി വർധിപ്പിച്ച് കർഷകരെ സഹായിക്കുന്നതിനായി കേന്ദ്രത്തിന്റെകൂടി സഹായം തേടിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇക്കാര്യം പലതവണ കേന്ദ്രത്തിന്റെ മുന്നിൽ ഉന്നയിച്ചിട്ടും അനുകൂല സമീപനം ഉണ്ടായിട്ടില്ലെന്നു മന്ത്രി പറഞ്ഞു.
സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് ധനകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ നവംബർ 27 വരെയുള്ള സബ്സിഡി കർഷകർക്ക് അനുവദിച്ചതായി മന്ത്രി പറഞ്ഞു. നിലവിലുള്ള പദ്ധതി പ്രകാരം 1277 .22 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. കേന്ദ്രസർക്കാരിന്റെ കരട് റബർ നയം കേരളത്തിലെ കർഷകരെ പ്രതികൂലമായി ബാധിക്കും. റബർ ഇറക്കുമതി ചെയ്യുന്നതിന് ഒരു നിയന്ത്രണവുമില്ലാത്തത് കർഷകരെ പ്രതികൂലമായി ബാധിക്കുന്നതായും മന്ത്രി പറഞ്ഞു.