ഗുരുവായൂരിൽ നവദന്പതികളുടെ ഫോട്ടോഷൂട്ടിനിടെ ആന ഇടഞ്ഞു
Sunday, November 27, 2022 12:21 AM IST
തൃശൂർ: ഗുരുവായൂരിൽ വിവാഹ ഫോട്ടോഷൂട്ടിനിടെ നവദമ്പതികൾക്കു തൊട്ടുപിന്നിൽ ആനയിടഞ്ഞു. അക്രമാസക്തനായ ആനയിൽനിന്നു പാപ്പാനും നവദമ്പതികളും ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടു.
ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. കഴിഞ്ഞ പത്തിനായിരുന്നു സംഭവമെങ്കിലും ദൃശ്യങ്ങൾ പുറത്തുവരുന്നത് ഇപ്പോഴാണ്.
ഗുരുവായൂർ ദേവസ്വത്തിന്റെ ദാമോദർദാസ് എന്ന ആനയാണ് ഇടഞ്ഞത്. ശീവേലി കഴിഞ്ഞ് ആനയെ പുറത്തേക്കു കൊണ്ടുവരുമ്പോൾ ഫോട്ടോ ഷൂട്ടിനായി ദമ്പതികൾ ആനയുടെ മുന്നിൽ നിൽക്കുകയായിരുന്നു. പെട്ടെന്ന് ആന വട്ടം തിരിഞ്ഞ് പാപ്പാനായ രാധാകൃഷ്ണനെ കാലിൽ പൊക്കി എടുത്തു.
ആന പിടിച്ചത് പാപ്പാന്റെ മുണ്ടിന്റെ തുമ്പിലായതിനാൽ മാത്രം പാപ്പാൻ താഴേക്കുവീണ് രക്ഷപ്പെടുകയായിരുന്നു. ആന ഇടഞ്ഞതോടെ ദമ്പതികളും ഓടിരക്ഷപ്പെട്ടു. ആനയുടെ മുകളിൽ ഈ സമയം മറ്റൊരു പാപ്പാൻ ഉണ്ടായിരുന്നു. ആനയെ പെട്ടന്നുതന്നെ തളയ്ക്കാൻ കഴിഞ്ഞു. ആനയുടെ മുന്നിൽനിന്നു നടത്തിയ ഫോട്ടോഷൂട്ടിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായ വിമർശനങ്ങൾ ഉയരുന്നുണ്ട്.