വൈസ് ചാൻസലർ വഴങ്ങി; സെനറ്റ് യോഗം വിളിക്കാമെന്നു ഗവർണറെ അറിയിച്ചു
Sunday, October 2, 2022 1:28 AM IST
തിരുവനന്തപുരം: ഈ മാസം 11നുള്ളിൽ സെനറ്റ് യോഗം വിളിച്ചില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് സ്വീകരിച്ചതിനു പിന്നാലെ യോഗം വിളിക്കാമെന്നു കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള ഗവർണറെ അറിയിച്ചു.
പുതിയ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് ഈ മാസം 11 നുള്ളിൽ സെനറ്റ് പ്രതിനിധിയെ നിർദേശിച്ചില്ലെങ്കിൽ കടുത്ത അച്ചടക്കനടപടി ഉണ്ടാകുമെന്നായിരുന്നു ഗവർണറുടെ മുന്നറിയിപ്പ്. സെനറ്റ് പിരിച്ചുവിടുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നു ഗവർണർ പ്രഖ്യാപിച്ചതോടെയാണ് ഉടൻ യോഗം ചേരുമെന്ന് വിസി മറുപടി നൽകിയത്.
വൈസ് ചാൻസലർക്കെതിരേ കടുത്ത ഭീഷണി ഉയർത്തുന്നതു തന്നെ അസാധാരണ നടപടിയാണ്. സെനറ്റ് പ്രതിനിധിയെ നിർദേശിക്കാൻ മൂന്നു തവണ ആവശ്യപ്പെട്ടിട്ടും വിസി വഴങ്ങിയിരുന്നില്ല. രണ്ടംഗ കമ്മറ്റി ഉണ്ടാക്കിയ ഗവർണറുടെ നടപടി ശരിയല്ലെന്നും അതിനു മറുപടി വേണമെന്നും വിസി രണ്ടുതവണ കത്തിലൂടെ ആവശ്യപ്പെട്ടതോടെയാണ് ഗവർണർ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നിറിയിപ്പു നൽകിയത്.
ഒക്ടോബർ 11 നുള്ളിൽ പ്രതിനിധിയെ നിർദേശിച്ചില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് വിസിക്ക് കത്തിലൂടെഗവർണർ മുന്നറിയിപ്പു നൽകിയത്. ചാൻസലറുടെ അധികാരം ഉപയോഗിച്ച് സെനറ്റു തന്നെ പിരിച്ചുവിടേണ്ടിവരുമെന്നും ഭീഷണിയുണ്ടായി. ഇതിനു പിന്നാലെയാണ് ഉടൻ സെനറ്റ് യോഗം ചേരുമെന്ന മറുപടി രാജ്ഭവന് കേരള സവർവകലാശാല നൽകിയത്. യോഗം വിളിക്കുന്നതിനപ്പുറം എന്ത് തുടർനടപടിയെടുക്കണമെന്നതിൽ സർവകലാശാലയ്ക്ക് ആശയക്കുഴപ്പമുണ്ട്.
സർക്കാരിനൊപ്പം ചേർന്ന് പ്രതിനിധിയെ നൽകാതിരിക്കാൻ എടുത്ത മുൻ തീരുമാനത്തിൽനിന്നും പിന്നോട്ട് പോകണോ, അതോ ഗവർണർക്കു കീഴടങ്ങി പ്രതിനിധിയെ തീരുമാനിക്കണോ എന്ന കാര്യത്തിൽ ചർച്ച തുടരുകയാണ്.