തോക്കിനെ ചൊല്ലി കൊലപാതകം: ഒരു പ്രതികൂടി അറസ്റ്റിൽ
Wednesday, September 28, 2022 12:30 AM IST
അഗളി: അട്ടപ്പാടി നരസിമുക്കിൽ തോക്കിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ ഇരട്ടക്കൊലപാതക കേസിലെ പതിനൊന്നാം പ്രതിയും അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അക്ഷയ് (21)ആണ് അറസ്റ്റിലായത്. അഗളി ഡിവൈഎസ്പി എൻ. മുരളീധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നെയ്യാറ്റിൻകരയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തോക്ക് വാങ്ങാൻ പണം നൽകിയതിനെത്തുടർന്നുണ്ടായ തർക്കത്തത്തുടർന്ന് കഴിഞ്ഞ ജൂലൈ ഒന്നിന് നരസിമുക്ക് കാവണ്ടിക്കൽ ഫാം ഹൗസിലായിരുന്നു അക്രമം. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം സ്വദേശി നന്ദകിഷോർ അന്നുതന്നെ കൊല്ലപ്പെട്ടിരുന്നു.
മർദ്ദനത്തിൽ സാരമായി പരിക്കേറ്റ കണ്ണൂർ സ്വദേശി വിനയൻ എന്ന യുവാവ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായതായി അഗളി ഡിവൈഎസ്പി എൻ. മുരളീധരൻ അറിയിച്ചു. എഎസ്ഐ നാസർ, സിപിഒമാരായ ദേവസ്യ, സുന്ദരി, ശ്രീനിവാസൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.