ആർബിഐക്കെതിരേ യോജിച്ച് പ്രക്ഷോഭം വേണം: മന്ത്രി വി.എൻ. വാസവൻ
Tuesday, November 30, 2021 12:34 AM IST
തിരുവനന്തപുരം: സഹകരണ മേഖലയെ ദോഷകരമായി ബാധിക്കുന്ന റിസർവ് ബാങ്ക് നിലപാടിനെതിരേ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ പ്രതിരോധം തീർക്കുമെന്നു മന്ത്രി വി.എൻ. വാസവൻ.
സഹകാരികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ആർബിഐ ഇറക്കിയ പരസ്യത്തിന്റെ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ വിപുലമായ പ്രചാരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഹകാരികളുടെയും സഹകരണ സംഘം യൂണിയൻ പ്രതിനിധികളുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി വി.എൻ.വാസവൻ.
പ്രചാരണത്തിനായി സഹകരണ സംരക്ഷണ സമിതി എന്ന പേരിൽ പ്രത്യേക സമിതി രൂപീകരിച്ചു. സമിതിയുടെ സംസ്ഥാന ചെയർമാനായി കോണ്‍ഗ്രസ് നേതാവ് കരകുളം കൃഷ്ണപിള്ളയെയും കണ്‍വീനറായി പ്രാഥമിക കാർഷിക സഹകരണ സംഘം അസോസിയേഷൻ പ്രസിഡന്റ് വി. ജോയി എംഎൽഎയെയും തെരഞ്ഞെടുത്തു.
ഡിസംബർ നാല്, അഞ്ച്, ആറ് തീയതികളിൽ എല്ലാ ജില്ലയിലും കണ്വൻഷൻ ചേരും. ആർബിഐയുടെ പത്രപരസ്യത്തിന്റെ ഉള്ളടക്കത്തിലെ വസ്തുതകൾ ബോധ്യപ്പെടുത്തുന്ന നിലയിൽ നോട്ടീസ് തയാറാക്കി മുഴുവൻ സഹകാരികളുടെയും വീട്ടിലെത്തിക്കും.
ജില്ലകളിലെ കണ്വൻഷൻ പൂർത്തീകരണത്തിനുശേഷം ആർബിഐയുടെ മുന്നിൽ പ്രത്യക്ഷ സമരം തുടങ്ങുന്നതും സംരക്ഷണ സമിതി ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.