പട്ടയഭൂമിയിൽ നട്ടുവളർത്തിയ വൃക്ഷങ്ങളുടെ അവകാശം കർഷകർക്കുതന്നെ: റവന്യു മന്ത്രി
Tuesday, July 27, 2021 12:56 AM IST
തിരുവനന്തപുരം: റവന്യു പട്ടയ ഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും കിളിർത്തു വന്നതുമായ വൃക്ഷങ്ങളുടെ അവകാശം കർഷകർക്കു തന്നെയാണെന്ന് റവന്യു മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു.
1964 ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചുകൊടുക്കുന്ന ഭൂമിയിൽ പട്ടയം ലഭിച്ചശേഷം കർഷകർ നട്ടുവളർത്തിയതും കിളിർത്തു വന്നതുമായ ചന്ദനമൊഴികെയുള്ള വൃക്ഷങ്ങളുടെ അവകാശം കർഷകർക്കു ലഭിക്കണമെന്നാണ് സർക്കാരിന്റെ നയം. അതനുസരിച്ചാണ് 2005 ലെ പ്രൊമോഷൻ ഓഫ് ട്രീസ് ഗ്രോത്ത് ആക്ടിലെ വ്യവസ്ഥകൾക്ക് അനുസൃതമായി 2020 ഒക്ടോബർ മാസത്തിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, ഉത്തരവ് ദുരുപയോഗം ചെയ്യുന്നതായി ബോധ്യപ്പെട്ടപ്പോഴാണ് അതു പിൻവലിക്കാൻ തീരുമാനിച്ചതെന്നും ചോദ്യങ്ങൾക്കു മറുപടിയായി മന്ത്രി അറിയിച്ചു.
ഉത്തരവുമായി ബന്ധപ്പെട്ട് ആശങ്ക അറിയച്ചത് വയനാട് ജില്ലാ കളക്ടർ മാത്രമാണ്. ഇതിനുമുന്പുതന്നെ മുൻ റവന്യു മന്ത്രി കാര്യം വേണ്ടതുപോലെ പരിശോധിക്കാനും നിലവിലുള്ള ഉത്തരവ് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നിയമ വകുപ്പിനു കത്ത് നൽകിയിരുന്നു. ഈ ഉത്തരവിനെതിരേ വേറെ ഒരു ആശങ്കയും രേഖപ്പെടുത്തിയതായി ഫയലിൽ കാണാനില്ല. എന്നാൽ, പട്ടയ ഭൂമിയിൽ നിന്നല്ലാതെ ഏതെങ്കിലും നിക്ഷിപ്ത വനഭൂമിയിൽനിന്നു മരം മുറിച്ചിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരേ കർശന നടപടികൾ സ്വീകരിക്കും.
ഉത്തരവിറക്കിയതുമായി ബന്ധപ്പെട്ട് വനം റവന്യു വകുപ്പുകൾ തമ്മിൽ അഭിപ്രായ വ്യത്യാസമില്ല. അനധികൃതമായി മരം മുറിച്ചവരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ല. കളക്ടർമാരുടെയും വനം വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനെ അന്വേഷണ ചുമതല ഏൽപ്പിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ വ്യക്തവും കൃത്യവുമായ അന്വേഷണം നടന്നുവരികയാണ്. കേസിലെ പ്രതികൾ മുൻ മന്ത്രിമാരെയും ഇപ്പോഴത്തെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണ്ടിട്ടില്ല.
സർക്കാരിന്റെ നയത്തിന് അനുസൃതമായി പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും കിളിർത്തു വരുന്നതുമായ വൃക്ഷങ്ങളുടെ അവകാശം കർഷകർക്കുതന്നെ ലഭിക്കത്തക്ക രീതിയിൽ പഴുതുകൾ അടച്ചുകൊണ്ട് പുതിയ ഉത്തരവോ ചട്ട ഭേദഗതിയോ പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു. ടി.ജെ. വിനോദ്, എ.പി. അനിൽകുമാർ, ടി. സിദ്ദിഖ് എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.