കെപിസിസി കോവിഡ് കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു
Tuesday, April 20, 2021 12:34 AM IST
തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗത്തെ നേരിടാനും ജനങ്ങൾക്ക് ആശ്വാസം എത്തിക്കുന്നതിനുമായി കെപിസിസിയിൽ കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഡോ.എസ്.എസ്. ലാലിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സേവനം കെപിസിസി കണ്ട്രോൾ റൂമിൽ ലഭ്യമാണ്.
കെപിസിസി വൈസ് പ്രസിഡന്റ് ഡോ.ശൂരനാട് രാജശേഖരനാണ് കണ്ട്രോൾ റൂമിന്റെ ഏകോപന ചുമതല. കെപിസിസി സെക്രട്ടറി ജോണ്‍ വിനേഷ്യസിനെ കണ്ട്രോൾ റൂമിന്റെ സഹായത്തിനു ചുമതലപ്പെടുത്തി.
കോവിഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്നതു മുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുവരെയുള്ള കാര്യങ്ങളിൽ കണ്‍ട്രോൾറൂം സഹായങ്ങൾ നൽകും. നവ സമൂഹമാധ്യമങ്ങൾ ഇതിനായി പരമാവധി ഉപയോഗിക്കും. കോവിഡിനെ പറ്റിയുള്ള ഏറ്റവും പുതിയ ശാസ്ത്രീയ വിവരങ്ങൾ പൊതുജനങ്ങളിൽ എത്തിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകും.
എല്ലാ ഡിസിസി ഓഫീസുകളിലും കണ്ട്രോൾ റൂമിന്റെ പ്രവർത്തനം ആരംഭിക്കാനും ജില്ലാ പ്രസിഡന്റുമാർക്ക് നിർദേശം നൽകിയതായും മുല്ലപ്പള്ളി പറഞ്ഞു.