മൻസൂർ വധം: ഏഴു പ്രതികൾ കസ്റ്റഡിയിൽ
Tuesday, April 20, 2021 12:02 AM IST
തലശേരി: പെരിങ്ങത്തൂർ മുക്കിൽപീടികയിലെ പാറാൽ മൻസൂർ വധക്കേസിൽ വെള്ളിയാഴ്ച കീഴടങ്ങിയ അഞ്ചാം പ്രതി പുല്ലൂക്കര കായത്തീന്റ പറമ്പത്ത് സുഹൈൽ ഉൾപ്പെടെ റിമാൻഡിൽ കഴിയുന്ന ഏഴു പ്രതികളെയും കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ആദ്യം പിടിയിലായ ഷിനോസിന് കോവിഡ് ബാധിച്ചതിനാൽ വിട്ടുനൽകിയിട്ടില്ല. ഇയാൾ ചികിത്സയിലാണ്.
ജയിലിലുള്ള എട്ടു പേരെയും തിങ്കളാഴ്ച ഹാജരാക്കാൻ തലശേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജയിൽ അധികാരികൾക്കു നൽകിയ പ്രൊഡക്ഷൻ വാറണ്ടിലൂടെ ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി. വിക്രമൻ നൽകിയ ഹർജി പരിഗണിച്ചായിരുന്നു നടപടി. കേസിന്റെ പ്രത്യേക സാഹചര്യവും വൈകാരികതയും മുൻനിർത്തി കോടതിയിലും യാത്രയിലുടനീളവും തെളിവെടുപ്പ് വേളയിലും സുരക്ഷഏർപ്പെടുത്തി. ഷിനോസ്, സംഗീത്, വിപിൻ, അശ്വന്ത്, അനീഷ്, ശ്രീരാഗ്, ബിജേഷ്, സുഹൈൽ എന്നിവരാണു റിമാൻഡിലുള്ളത്.