നിയമസഭയിലെ കൈയാങ്കളി: മന്ത്രിമാരായ ഇ.പി. ജയരാജനും ജലീലിനും ജാമ്യം
Thursday, October 29, 2020 1:10 AM IST
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ മന്ത്രിമാരായ ഇ.പി. ജയരാജനും കെ.ടി. ജലീലും ജാമ്യമെടുത്തു. 35,000 രൂപ വീതം കെട്ടിവച്ചാണ് ജാമ്യം നേടിയത്. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേടആർ. ജയകൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്.
മന്ത്രിമാർ ഹാജരാകണമെന്ന സിജെഎം കോടതി നിർദേശം സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഇരുവരും കോടതിയിൽ നേരിട്ട് എത്തിയത്. മന്ത്രിമാർ ഉൾപ്പെടെയുള്ള ആറു പ്രതികളും കോടതിയിൽ ഹാജരായെങ്കിലും വിടുതൽ ഹർജി സമർപ്പിക്കാൻ സമയം വേണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു.
കേസിന്റെ തുടർനടപടികൾ അടുത്ത മാസം 12ന് സിജെഎം കോടതി വീണ്ടും പരിഗണിക്കും. കേസിലെ മറ്റു പ്രതികളായ മുൻ എംഎൽഎമാരായ കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ, വി. ശിവൻകുട്ടി എന്നിവർ നേരത്തേ ജാമ്യം നേടിയിരുന്നു.