ആൾക്കൂട്ട പ്രതിഷേധങ്ങൾ കോവിഡ്ഭീഷണി ഉയർത്തുന്നു: മന്ത്രി കെ.കെ. ശൈലജ
Friday, September 18, 2020 12:46 AM IST
തിരുവനന്തപുരം: എല്ലാ പ്രോട്ടോക്കോളും ലംഘിച്ച് വലിയ ആൾക്കൂട്ടത്തോടെ നടത്തുന്ന പ്രതിഷേധങ്ങൾ വലിയ കോവിഡ് ഭീഷണി ഉയർത്തുന്നു എന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ജീവൻ നിലനിർത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
തലസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 800 കടന്നു. ആരിൽ നിന്നും ആരിലേക്കും കോവിഡ് പകരുന്ന സമയമാണിത്. അവരവർ അവരെ തന്നെ രക്ഷിക്കണം. ജീവന്റെ വിലയുള്ള ജാഗ്രത സമയത്ത് എല്ലാ കോവിഡ് പ്രോട്ടോക്കോളും ലംഘിച്ചാണ് വലിയ ആൾക്കൂട്ടത്തോടെ പ്രതിഷേധം നടത്തുന്നത്. കേരളത്തിലെ ജനങ്ങളും ആരോഗ്യ പ്രവർത്തകരും സർക്കാർ സംവിധാനങ്ങൾ ആറേഴു മാസം കൊണ്ട് നടത്തിയ ത്യാഗത്തിന്റെ ഫലമായാണ് കോവിഡ് വ്യാപനമുണ്ടാകാതെ തടഞ്ഞുനിർത്താനായത്.
ഏതു രാഷ്ട്രീയ പാർട്ടിയാണെങ്കിലും ശ്രദ്ധിക്കണം. പ്രതിഷേധത്തിന് ആരും എതിരല്ല. എന്നാൽ ഇത്തരത്തിൽ വലിയ ആൾക്കൂട്ടം ഒഴിവാക്കണം. മാസ്ക് ധരിച്ചും അകലം പാലിച്ചും മാത്രം പങ്കെടുക്കുക.മറ്റെല്ലാം മാറ്റിവച്ച് ഈ മഹാമാരിയെ നേരിടാനുള്ള സമയമാണിത്. വാക്സിൻ കണ്ടു പിടിക്കുന്നതുവരെ നമ്മുടേയും നമ്മുടെ കുടുംബത്തേയും രക്ഷിക്കേണ്ടതുണ്ട്. നമുക്ക് ഒന്നാം സ്ഥാനമൊന്നും വേണ്ട. ആൾക്കാരുടെ ജീവൻ രക്ഷിക്കാൻ കഴിയണമെന്നു മന്ത്രി പറഞ്ഞു.