സ്വപ്ന പിടിയിൽ; സ്വർണക്കടത്ത് കേസിൽ പഴുതടച്ച് എൻഐഎയും കസ്റ്റംസും
Sunday, July 12, 2020 12:40 AM IST
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയ കേസിൽ രണ്ടാം പ്രതി സ്വപ്ന സുരേഷും നാലാം പ്രതി സന്ദീപ് നായരും എൻഐഎയുടെ പിടിയിൽ. ബംഗളൂരുവിൽ നിന്ന് ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് ഇവരെ പിടികൂടിയത്. ബംഗളൂരു പോലീസിന്റെ സഹായം അന്വേഷണസംഘത്തിനു ലഭിച്ചു.
കീഴടങ്ങാനുള്ള ഒരുക്കത്തി ലായിരുന്നു സ്വപ്ന. തിരുവനന്തപുരത്തുനിന്നു കാറിൽ തെങ്കാശി വഴി തമിഴ്നാട്ടിലേക്കു കടന്ന ഇരുവരും പിന്നീട് ബംഗളൂരുവിലെത്തി ഒളിച്ചു താമസിക്കുകയായിരുന്നു. അവിടെ നിന്നു കൊച്ചിയിലെ അഭിഭാഷകനെയും അടുത്ത ചില ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചു. ഈ ഫോൺ കോളുകൾ ചോർത്തിയാണ് അന്വേഷണ സംഘം ലൊക്കേഷൻ കണ്ടുപിടിച്ചത്.
സ്വപ്നയ്ക്കൊപ്പം ഭർത്താവും മക്കളും ഉണ്ടായിരുന്നു എന്നാ ണു സൂചന. സ്വപ്നയെയും സന്ദീപിനെ യും എൻഐഐ ചോദ്യം ചെയ്തപ്പോഴാണു കീഴടങ്ങാൻ തീരുമാനിച്ചിരുന്നുവെന്നു പറഞ്ഞത്. ഇന്നലെ രാത്രിതന്നെ പ്രതികളുമായി എൻഐഎ സംഘം കേരളത്തിലേക്കു തിരിച്ചു. ഇന്നു രാവിലെ കൊച്ചിയിലെത്തും.
മുൻ കോൺസലേറ്റ് ജീവനക്കാരായിരുന്ന സരിത്കുമാറാണ് ഒന്നാം പ്രതി. സ്വപ്ന സുരേഷ് രണ്ടാം പ്രതിയും. വിദേശത്തുള്ള കൊച്ചി സ്വദേശി ഫൈസൽ ഫരീദ് മൂന്നാം പ്രതിയും സ്വപ്നയുടെ ബിനാമിയെന്നു സംശയിക്കുന്ന സന്ദീപ് നായർ നാലാം പ്രതിയുമാണ്.
വ്യാഴാഴ്ചയാണു സ്വർണക്കടത്തുകേസ് എൻഐഎ ഏറ്റെടുത്തത്. കേസിലെ നാലു പ്രതികൾക്കുമെതിരേ യുഎപിഎ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കൊച്ചിയിലെ എൻഐഎ കോടതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കസ്റ്റംസിന്റെ ആവശ്യപ്രകാരം സ്വപ്നയെയും സന്ദീപിനെയും പിടികൂടാൻ പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തിനു രൂപംനല്‍കിയിരുന്നു.
സ്വർണക്കടത്തുമായി ബന്ധമില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രതിചേർക്കാൻ ഒരുങ്ങുന്നതെന്നുമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന പറഞ്ഞിരുന്നത്. യു എഇ കോൺസലേറ്റിലെ അറ്റാഷേ ആവശ്യപ്പെട്ടതനുസരിച്ചാണ് നയതന്ത്ര ബാഗ് ലഭിക്കാൻ വൈകുന്നതെന്തെന്ന് അന്വേഷിച്ചതെന്നായിരുന്നു ഇവരുടെ വാദം.