മദ്യത്തിനു കുറിപ്പടി: ഡോക്ടർമാർ ഇന്നു കരിദിനം ആചരിക്കും
Wednesday, April 1, 2020 12:30 AM IST
തിരുവനന്തപുരം: മദ്യലഭ്യതയ്ക്കുള്ള ഉപകരണമായി ആശുപത്രികളെ മാറ്റരുതെന്നു കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). മദ്യാസക്തിയുള്ള രോഗികൾക്ക് ഡോക്ടറുടെ കുറിപ്പിന്റെ അടിസ്ഥാനത്തിൽ മദ്യം നൽകാനുള്ള സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് ഇന്നു സംസ്ഥാന വ്യാപകമായി കെജിഎംഒഎയുടെ നേതൃത്വത്തിൽ കരിദിനം ആചരിക്കും.
പ്രതിഷേധ സൂചകമായി എല്ലാ ഡോക്ടർമാരും കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും ഇന്നു ജോലിക്ക് ഹാജരാകുക. ഇതു കൂടാതെ ഈ വിഷയത്തിലുള്ള അശാസ്ത്രീയത തുറന്നുകാണിക്കുന്ന പൊതുജന ബോധവത്കരണ പരിപാടികളും ആരംഭിക്കാൻ കെജിഎംഒഎ തീരുമാനിച്ചു.