വെറുതെ ചുറ്റാൻ ഇറങ്ങിയാൽ ഒാർക്കുക, മുകളിൽ ഒരാൾ എല്ലാം കാണുന്നുണ്ട്!
Sunday, March 29, 2020 12:01 AM IST
കോട്ടയം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ മറികടന്നു നിരത്തുകളിൽ ഇറങ്ങുന്പോൾ ഒന്നോർത്തോളൂ, നിങ്ങളെ നിരീഷിക്കുന്ന കണ്ണുകൾ ഇനി മുകളിലുമുണ്ട്. പോലീസ് പരിശോധനയെ മറികടന്നാലും വാഹനങ്ങളുടെ പോക്കും പാതകളും ഇനി സൈബർ പോലീസിന്റെ നിരീഷണത്തിലായിരിക്കും.
ഡ്രോണ്‍ മുഖേനയുള്ള കാമറകളിലൂടെ ഇന്ന് അനാവശ്യമായി നിരത്തിലിറങ്ങുന്നവരെ നിരീക്ഷിക്കുന്നതിനായി പോലീസ് ടീം സജ്ജമായിക്കഴിഞ്ഞു. കേരളത്തിലെ അങ്ങോളമിങ്ങോളം എല്ലാ നഗരാതിർത്തികളിലും ഗ്രാമപ്രദേശങ്ങളിലും ജനങ്ങൾ സംഘം ചേരുന്നതും അനാവശ്യമായി വാഹനങ്ങൾ നിരത്തിലിറക്കുന്നതും അനുമിനിഷം നിരീഷിക്കാൻ പോലീസിനു കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. റിമോട്ട് ഉപയോഗിച്ചു ഒരു പ്രദേശത്തുനിന്നു നിയന്ത്രിച്ചാൽ അഞ്ചു കിലോമീറ്റർ ചുറ്റളവിലെ കാഴ്ചകളെ ഒപ്പിയെടുക്കാൻ ഡ്രോണിലെ കാമറകൾക്കു സാധിക്കും. കാഴ്ചകളെ സൂം ചെയ്തു വിശദമായി പോലീസിനു നേരിട്ടെത്താതെ ഓരോ പ്രദേശത്തെയും നിരീക്ഷിക്കാൻ സാധിക്കും. 500 പേരടങ്ങുന്ന ടീമിൽനിന്നു രണ്ടു പേർ വീതുമാണ് ഓരോ പ്രദേശത്തും ഡ്രോണ്‍ ഉപയോഗിച്ചു നിരീക്ഷണം നടത്തുന്നത്.
കേരള പോലീസും കോട്ടയം ഡ്രോണ്‍ അസോസിയേഷനുകളുടെ കൂട്ടായ്മയും ചേർന്നുള്ള സംയുക്ത പ്രവർത്തനത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് നിർവഹിച്ചു. പത്തനംതിട്ടയിലും തൃശൂരിലും ഡ്രോണ്‍ പ്രവർത്തനം ഫലപ്രദമായപ്പോഴാണ് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ പോലീസ് തീരുമാനമെടുത്തത്.