സെയ്ത് മുഹമ്മദിന്റെ വിയോഗം കോണ്‍ഗ്രസിനു തീരാനഷ്ടം: ആന്റണി
Friday, February 28, 2020 11:52 PM IST
ചേർത്തല: മറക്കാനാവാത്ത ഓർമകൾ ബാക്കി വച്ചാണു പ്രിയ സുഹൃത്ത് സെയ്ത് മുഹമ്മദ് വിട പറഞ്ഞതെന്നു കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. വളരെ അടുത്ത ആത്മബന്ധമാണ് സെയ്തുമായുള്ളത്. എന്റെ കുടുംബ വീടിനടുത്തു തന്നെയാണ് സെയ്തിന്റെ വീടായ കല്ലറക്കൽ തറവാടും. ഒരു കാലത്തു ചേർത്തലയിൽ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായിരുന്നു സെയ്ത്.
പ്രതിസന്ധികളിലും യൂത്ത് കോണ്‍ഗ്രസിനെയും കെഎസ്യുവിനെയും ചേർത്തലയിൽ കെട്ടിപ്പടുക്കാൻ നിർണായക പങ്കാണ് വഹിച്ചത്. ചേത്തലയിലെ തന്റെ എല്ലാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചു. വേറിട്ട തെരഞ്ഞെടുപ്പ് പ്രവർത്തന ശൈലിയായിരുന്നു സെയ്തിന്റേതെന്നും ആന്റണി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നതായും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.