കോസ്റ്റൽ സോണ്‍ മാനേജ്മെന്റ് പ്ലാൻ മാർച്ചിനുള്ളിൽ
Thursday, December 12, 2019 1:35 AM IST
കൊച്ചി: 2019ലെ തീരനിയന്ത്രണ മേഖലാ വിജ്ഞാപന പ്രകാരമുള്ള കോസ്റ്റൽ സോണ്‍ മാനേജ്മെന്റ് പ്ലാൻ തയാറാക്കുന്ന നടപടികൾ 2020 മാർച്ചിനുള്ളിൽ പൂർത്തിയാക്കുമെന്നും തുടർന്ന് ആറു മാസത്തിനകം പദ്ധതി അന്തിമമാക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
കേരളത്തിലെ തീരപരിപാലന മേഖലകളുടെ നിർണയത്തിൽ അപാകതയുണ്ടെന്നും പഞ്ചായത്തുകളെ അവികസിത മേഖലകളെന്നു വിലയിരുത്തി സോണ്‍ മൂന്നിൽ ഉൾപ്പെടുത്തിയത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി കലൂർ സ്വദേശി ജോസഫ് നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്രസർക്കാരിന്റെ 2019 ലെ തീര നിയന്ത്രണ മേഖലാ വിജ്ഞാപന പ്രകാരം രണ്ടു ജില്ലകളിലെ കോസ്റ്റൽ സോണ്‍ മാനേജ്മെന്റ് പ്ലാൻ തയാറാക്കി കഴിഞ്ഞെന്നും സർക്കാർ വിശദീകരിച്ചു. സോണുകൾ നിശ്ചയിച്ചത് അശാസ്ത്രീയമാണെന്നും ഇതു നിരവധി നിർമാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ആരോപിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.