പെരിയ ഇരട്ടക്കൊല: അപ്പീൽ വിധി പറയാനായി മാറ്റി
Sunday, November 17, 2019 1:13 AM IST
കൊച്ചി: കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം റദ്ദാക്കി അന്വേഷണം സിബിഐക്കു വിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരേ സർക്കാർ നൽകിയ അപ്പീൽ വാദം പൂർത്തിയായി. അപ്പീൽ ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി പറയാനായി മാറ്റി. സർക്കാരിനുവേണ്ടി മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ അഡ്വ. മനീന്ദർ സിംഗാണ് ഹാജരായത്.
സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെത്തുടർന്ന് അന്വേഷണം ഏറ്റെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന് സിബിഐ ഹൈക്കോടതിയിൽ അറിയിച്ചു. എന്നാൽ അപ്പീൽ പരിഗണിക്കുന്ന സാഹചര്യത്തിൽ അന്വേഷണം തുടരുന്നത് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ ഡിവിഷൻ ബെഞ്ചിന്റെ വിധി കാത്തിരിക്കുകയാണെന്നു സിബിഐ വിശദീകരിച്ചു.