അഞ്ചരകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി തൃപ്പൂണിത്തുറയിൽ പിടിയിൽ
Friday, October 18, 2019 11:32 PM IST
തൃപ്പൂണിത്തുറ: കേരളത്തിലെ വിവിധ ജില്ലകളിലുള്ള മൊത്ത വ്യാപാരികൾക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ഒഡീഷ സ്വദേശിയെ അഞ്ചരകിലോ കഞ്ചാവുമായി തൃപ്പൂണിത്തുറയിൽ നിന്ന് എക്സൈസ് അറസ്റ്റു ചെയ്തു. ഒഡീഷ രജ്പൂർ സ്വദേശി രാംകൃഷ്ണൻ (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം രണ്ടു കിലോ കഞ്ചാവുമായി പിടിയിലായ ആലുവ സ്വദേശികളായ മൊത്ത വ്യാപാരികളെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
എറണാകുളത്തെ ഒരു പാർക്കിംഗ് ഗ്രൗണ്ടിൽ ജോലി ചെയ്യുന്ന ഇയാൾ കിലോകണക്കിന് കഞ്ചാവാണ് കേരളത്തിൽ എത്തിക്കുന്നത്. കഞ്ചാവ് ആവശ്യമുള്ളവർ നേരിൽക്കണ്ട് പണം നല്കിയാൽ പറയുന്ന സ്ഥലത്ത് ഇയാൾ കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പ്രതി തൃപ്പൂണിത്തുറയിൽ ഇന്നലെ കഞ്ചാവുമായി എത്തുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുങ്ങിയത്.
ട്രെയിൻ മാർഗമാണ് പ്രതി കേരളത്തിൽ കഞ്ചാവ് എത്തിക്കുന്നത്. അഞ്ചു വർഷത്തിലധികമായി ഇതു തുടർന്നു വരികയാണെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു. എന്നാൽ ആദ്യമായാണ് ഇയാൾ എക്സൈസിന്റെ പിടിയിലാവുന്നത്. കഞ്ചാവ് യന്ത്രം ഉപയോഗിച്ച് അമർത്തി സെല്ലോടേപ്പുകൊണ്ട് കെട്ടി ടൂറിസ്റ്റ് ബാഗിൽ ഒളിപ്പിച്ചാണ് പ്രതി ഇന്നലെ കഞ്ചാവ് കൊണ്ടുവന്നത്. കഞ്ചാവിന്റെ ഗന്ധം പുറത്തുവരാതിരിക്കാൻ സുഗന്ധ ദ്രവ്യങ്ങളും പൂശിയിരുന്നു.
പ്രതിക്ക് ഒഡീഷയിൽ നിന്നു കഞ്ചാവ് കൊടുത്തയച്ച ആളിനെ പിടികൂടുന്നതിനുള്ള അന്വേഷണം എക്സൈസ് തുടങ്ങി. എക്സൈസ് ഇൻസ്പെക്ടർമാരാ ബിജു വർഗീസ്, ദേവദാസ്, പ്രിവന്റീവ് ഓഫീസർമാരായ സതീശൻ, ജയൻ, സിവിൽ എക്സൈസ് ഓഫീസറുമാരായ അനിൽകുമാർ, സുനിൽകുമാർ, ശ്യാംകുമാർ, ദിനീപ് പരമേശ്വരൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.