രണ്ടു യുവാക്കൾ മുങ്ങി മരിച്ചു
Monday, September 23, 2019 12:56 AM IST
പാതിയപ്പള്ളി കടവിലും
ചിങ്ങവനം: സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാകത്താനം പന്ത്രണ്ടാംകുഴി ജോണിന്റെ മകൻ പ്രിറ്റോ പി. ജോണ് (25 ) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.45ന് പനച്ചിക്കാട് പാതിയപ്പള്ളി കടവിലാണ് അപകടമുണ്ടായത്. കുളിക്കുന്നതിനിടയിൽ പ്രിറ്റോ ഒഴുക്കിൽപ്പെട്ടതോടെ കൂട്ടുകാർ ബഹളമുണ്ടാക്കി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഫയർഫോഴ്സും ചിങ്ങവനം പോലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയാണു മൃതദേഹം കണ്ടെടുത്തത്. സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു. മാതാവ്: മറിയാമ്മ സഹോദരൻ: ജെറിൻ മൃതദേശം ജില്ലാ ആശുപത്രിയിൽ. സംസ്കാരം പിന്നീട്.
മീനന്തറയാറ്റിലും
കോട്ടയം: മീനന്തറയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈൽ തോട്ടുപറന്പിൽ ഷാജഹാൻ- ഷാമി ദന്പതികളുടെ മകൻ ഷെമീംഷാ(18) ആണ് മരിച്ചത്. കോട്ടയത്തെ സ്വകാര്യ എൻട്രസ് പരിശീലന കേന്ദ്രത്തിൽ വിദ്യാർഥിയാണ് ഷെമീം.
ഇന്നലെ ഉച്ചയ്ക്കു 12നു ഇറഞ്ഞാൽ പാലത്തിനു സമീപമാണ് ഷെമീമും സുഹൃത്തുക്കളും ചേർന്നു കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടയിൽ ഷെമീം മുങ്ങിപ്പോവുകയായിരുന്നു. തുടർന്നു നാട്ടുകാർ ചേർന്നു സംഭവം ഫയർഫോഴ്സിൽ അറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണു മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.