വണ്ടിപ്പെരിയാറിൽ ഭൂമി വിണ്ടുകീറുന്നു
Sunday, August 18, 2019 12:24 AM IST
വണ്ടിപ്പെരിയാർ: ടൗണിനു സമീപം രണ്ടിടങ്ങളിൽ ഭൂമി വിണ്ടുകീറുന്നു. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടാകാൻ സാധ്യതയുണ്ടെന്നു കണ്ടെത്തിയതോടെ പ്രദേശത്തെ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടി തുടങ്ങി.
വികാസ് നഗറിനോടു ചേർന്നുകിടക്കുന്ന സെന്റ് ജോസഫ് സ്കൂൾ മുറ്റത്തും സമീപത്തെ എസ്റ്റേറ്റ് വക സ്ഥലത്തും അഞ്ചടിവീതം ആഴത്തിൽ മണ്ണ് വിണ്ടുകീറിയ നിലയിൽ ഇന്നലെയാണു കണ്ടത്. ശ്രദ്ധയിൽപ്പെട്ട തൊഴിലാളികൾ വണ്ടിപ്പെരിയാർ പഞ്ചായത്തിലും പൊതുപ്രവർത്തകരെയും വിവരമറിയിച്ചു. പീരുമേട് തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ നടത്തിയ പരിശോധനയിൽ മഴ തുടർന്നാൽ വലിയ ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാകാൻ സാധ്യതയുള്ളതായി അറിയിച്ചു.
വികാസ് നഗറിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ പഞ്ചായത്ത്, റവന്യു അധികൃതർ നടപടി ആരംഭിച്ചു.
മുന്പ് പലതവണ ഇതേ സ്ഥലത്തുനിന്നു വികാസ് നഗറിലേക്ക് മണ്ണൊലിച്ചു വീടിനുമുകളിൽ പതിച്ചിരുന്നു. നാളെ ഭൗമശാസ്ത്ര വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണു വിവരം.
വികാസ് നഗറിലെ കുടുംബങ്ങൾക്കു പഞ്ചായത്ത് ജാഗ്രത നിർദേശം അറിയിച്ചു നോട്ടീസ് നൽകി. വണ്ടിപ്പെരിയാർ ഗവ. യുപി സ്കൂളിൽ, കളക്ടറുടെ നിർദേശപ്രകാരം ദുരിതാശ്വാസക്യാന്പ് സജ്ജമാക്കി. ഏതു സമയത്തും മാറ്റിപ്പാർപ്പിക്കാനുള്ള ക്രമീകരണം നടത്തിയിട്ടുള്ളതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.പി. രാജേന്ദ്രൻ അറിയിച്ചു.