കോതമംഗലത്ത് വീടിനു തീവച്ച അയൽവാസി അറസ്റ്റിൽ
Saturday, August 17, 2019 11:51 PM IST
കോതമംഗലം: കോതമംഗലം പാറശാലപ്പടിയിൽ വീടിനു തീവച്ച സംഭവത്തിൽ അയൽവാസിയെ അറസ്റ്റ് ചെയ്തു. കോഴിപ്പിള്ളി പാറശാലപ്പടിയിൽ പുത്തൻപുരക്കൽ ജോസ് (54) ആണ് അറസ്റ്റിലായത്. പാറശാലപ്പടിയിൽ പൊട്ടനാനിയിൽ ലാലു മാത്യുവിന്റെ വീട് ഒരാഴ്ച മുന്പാണ് അഗ്നിക്കിരയായത്.
വീട്ടിനുള്ളിലെ സർവസാധനങ്ങളും കത്തിനശിച്ചിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്തുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ലാലു പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വീടിനു സമീപത്തു നിന്ന് ഇന്ധനം നിറച്ച കന്നാസ് കണ്ടെത്തുകയും വീടിനു ആരോ തീയിട്ടതാണെന്നും തെളിഞ്ഞു.
സംഭവത്തിൽ അയൽവാസിയായ ജോസിനെ സംശയമുണ്ടെന്ന് ലാലു പോലിസീനെ അറിയിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ജോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഓട് ഇളക്കിമാറ്റി അകത്തു കടന്നശേഷം ഡീസൽ ഒഴിച്ച് തീ വയ്ക്കുകയായിരുന്നെന്ന് പ്രതി പറഞ്ഞു.