എൻഡിഎയുടെ വിജയം തടയാൻ എൽഡിഎഫ് - യുഡിഎഫ് സഖ്യം: പി.കെ. കൃഷ്ണദാസ്
Thursday, April 18, 2019 11:31 PM IST
പത്തനംതിട്ട: രാജ്യത്തോടൊപ്പം കേരളവും നരേന്ദ്രമോദിക്കൊപ്പമെന്നു മനസിലായതോടെ കേരളത്തിൽ എൻഡിഎയുടെ വിജയം തടയാൻ എൽഡിഎഫ് - യുഡിഎഫ് സഖ്യം പല മണ്ഡലങ്ങളിലും പ്രകടമായി രംഗത്തെത്തിയിട്ടുണ്ടെന്ന് ബിജെപി ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്. പത്തനംതിട്ട പ്രസ്ക്ലബിൽ ജനവിധി 2019 മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം അടക്കമുള്ള മണ്ഡലങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ ഇതു വ്യക്തമായതാണ്. എന്നിട്ടും നിസാര വോട്ടുകൾക്കു കൈവിട്ടുപോയ തിരുവനന്തപുരം ഇത്തവണ തിരിച്ചുപിടിക്കും. ദേശീയതലത്തിൽ കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മിൽ നിലനിൽക്കുന്ന ധാരണയുടെ ചുവടുപിടിച്ചാണു കേരളത്തിലും നീങ്ങുന്നത്. ബിജെപിക്കെതിരെ ഇവർ പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കുകയാണു വേണ്ടതെന്നും കൃഷ്ണദാസ് പരിഹസിച്ചു.
ബിജെപിക്കു കേരളത്തിൽനിന്നു പ്രതിനിധി ഉണ്ടാകില്ലെന്നു പിണറായി വിജയനും എ.കെ. ആന്റണിയും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടത് ഈ ധാരണയുടെ ബലത്തിലാണ്. കോണ്‍ഗ്രസുമായി ചേർന്നുള്ള സഖ്യസർക്കാരിനെക്കുറിച്ചു സീതാറാം യെച്ചൂരിയും വ്യക്തമാക്കി. കേരളത്തിൽ വിശ്വാസ സമൂഹം എൻഡിഎയ്ക്കൊപ്പമായിരിക്കുമെന്നതിൽ തർക്കമില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.