സ്കിം ലാറ്റക്സില്‍നിന്ന് ഉയര്‍ന്ന നിലവാരമുള്ള റബര്‍
Wednesday, April 23, 2025 1:00 AM IST
കോട്ടയം: സ്കിം ലാറ്റക്സില്‍നിന്ന് ഉയര്‍ന്ന നിലവാരമുള്ള റബര്‍ വീണ്ടെടുക്കുന്നതിന് നൂതന പ്രക്രിയ ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തതായി റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സ്കിം ലാറ്റക്സിനെ ചില രാസവസ്തുക്കള്‍ ഉപയോഗിച്ച് 24 മണിക്കൂറില്‍ സംസ്കരിച്ചെടുത്തതിനു ശേഷം അതില്‍ ആസിഡ് ചേര്‍ത്ത് ഉറകൂട്ടി റബര്‍ കട്ടകളാക്കിയെടുക്കാന് കഴിയും. ഈ കട്ടകളെ പിന്നീട് സ്കിം ക്രീപ്പാക്കി മാറ്റി ഉണക്കിയെടുക്കാം.
സെന്‍ട്രിഫ്യൂജ്ഡ് ലാറ്റക്സ് (സെനക്സ്) ഉത്പാദിക്കുമ്പോഴുണ്ടാകുന്ന ഒരു ഉപോത്പന്നമാണ് സ്കിം ലാറ്റക്സ്. ഏകദേശം മൂന്നു മുതല്‍ നാല് വരെ ശതമാനം സ്കിം റബര്‍ ഇതിലുണ്ടാകും.
കൈയുറകള്‍, കോണ്ടം, ബലൂണുകള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മാണത്തിനാണ് സെനക്സ് സാധാരണമായി ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ 40ലധികം സെന്ട്രിഫ്യൂജിംഗ് ഫാക്ടറികളുണ്ട്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്ത റബറിന്റെ ഏകദേശം 10 ശതമാനം സെനക്സ് നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്.
ആര്‍ആര്‍ഐഐ വികസിപ്പിച്ചെടുത്ത പുതിയ രീതിയില്‍ പ്ലാസ്റ്റിക് ചാക്കുകളുടെ ആവശ്യമില്ല. സംസ്കരണത്തിന് വേണ്ടി വരുന്ന സമയം 24 മണിക്കൂറായി കുറയുകയും ചെയ്യുന്നു. മാത്രമല്ല, ദുര്‍ഗന്ധം ഗണ്യമായി കുറയ്ക്കുന്നു.
റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഡോ. ടി. സിജു, റബര്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. എം.ഡി. ജെസി എന്നിവരും ഫെഡറേഷന് ഓഫ് ലാറ്റക്സ് പ്രോസസേഴ്സ് പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.