സിയാലിന്റെ ഏഴു പദ്ധതികൾക്ക് ഒക്ടോബർ രണ്ടിന് തുടക്കമാകും
Tuesday, September 26, 2023 3:20 AM IST
നെടുമ്പാശേരി: സിവിൽ ഏവിയേഷൻ മേഖലയിലെ ആഗോള വളർച്ചയ്ക്കനുസരിച്ചുള്ള കുതിപ്പിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) വിഭാവനം ചെയ്തിട്ടുള്ള ഏഴു പദ്ധതികൾക്ക് ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കംകുറിക്കും.
ഇറക്കുമതി കാർഗോ ടെർമിനൽ, എയർ പോർട്ട് എമർജൻസി സർവീസ്, ഡിജി യാത്ര എന്നിവയുടെ ഉദ്ഘാടനവും രാജ്യാന്തര ടെർമിനൽ ഉദ്ഘാടനം, എയ്റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാവലയം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾക്കും മുഖ്യമന്ത്രി തുടക്കമിടും.
യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ്, വിനോദസഞ്ചാര സാധ്യത, കാർഷികമേഖലയുടെ വളർച്ച എന്നിവ മുൻനിർത്തിയുള്ള ആധുനികവത്കരണമാണ് സിയാൽ ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. നിലവിലുള്ള രാജ്യാന്തര ടെർമിനലിന്റെ വടക്കുവശം 15 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ ഏപ്രൺ നിർമിക്കും. അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ രാജ്യാന്തര ടെർമിനലും വികസിപ്പിക്കും. പുതുതായി എട്ട് എയ്റോ ബ്രിഡ്ജുകളാണ് സ്ഥാപിക്കുന്നത്. പാർക്കിംഗ് ബേയുടെ എണ്ണം 44 ആയി വർധിക്കും. ഭാവിയിലെ വിമാന ട്രാഫിക് വർധനവ് മുൻനിർത്തിയാണ് ടെർമിനലിന്റെ വികസനം നടത്തുന്നത്.
ഇറക്കുമതി കാർഗോ ടെർമിനൽ ഉദ്ഘാടനം ചെയ്യുന്നതോടെ പ്രവർത്തനശേഷി രണ്ടു ലക്ഷം ടൺ ആകും. നിലവിലുള്ള കാർഗോ ടെർമിനൽ കയറ്റുമതിക്കു മാത്രം ഉപയോഗിക്കും. യാത്രക്കാർക്ക് താത്കാലിക വിശ്രമത്തിന് രണ്ടാം ടെർമിനലിൽ ഒരുക്കുന്ന 0484 ലക്ഷ്വറി എയ്റോലോഞ്ചിൽ 42 ആഡംബര ഗസ്റ്റ് മുറികൾ, റസ്റ്ററന്റ്, മിനി കോൺഫറൻസ് ഹാൾ, ബോർഡ് റൂം, ജിം, സ്പാ എന്നിവ ഉണ്ടായിരിക്കും. അരലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഇത് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ച് ആകും.
ടെർമിനലുകളിലെ പുറപ്പെടൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കുന്ന ഡിജി യാത്രയുടെ സോഫ്റ്റ്വേർ സിയാൽ ഐടി വിഭാഗമാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ആഭ്യന്തര ടെർമിനലിൽ 22 ഗേറ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിയാൻ കഴിയും. ബെൽജിയത്തിൽനിന്ന് ഇറക്കുമതി ചെയ്തിട്ടുള്ള ഇ-ഗേറ്റുകളാണ് ഇവിടെ സ്ഥാപിക്കുന്നത്. വിമാനത്താവള അഗ്നിരക്ഷാസേനയെ എയർപോർട്ട് എമർജൻസി സർവീസിലേക്ക് ഉയർത്തും. അടിയന്തര ആവശ്യ വാഹനവ്യൂഹത്തിലേക്ക് ഓസ്ട്രിയൻ നിർമിതമായ രണ്ടു വാഹനങ്ങൾക്കൂടി ചേർക്കുന്നുണ്ട്.
ഓപ്പറേഷൻ മേഖലയുടെ സുരക്ഷ വർധിപ്പിക്കാൻ അത്യാധുനിക ഇലക്ട്രോണിക് വലയം-പെരിമീറ്റർ ഇന്ട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം ഉണ്ടാക്കും. 12 കിലോമീറ്ററോളം ദൈർഘ്യമുള്ള സുരക്ഷാ മതിലിൽ അപകടകരമല്ലാത്തവിധം വൈദ്യുത വേലിയും ഫൈബർ ഒപ്റ്റിക് വൈബ്രേഷൻ സെൻസറും തെർമൽ കാമറകളും സ്ഥാപിച്ച് കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തും. ചുറ്റുമതിലിന് സമീപം ഉണ്ടാകുന്ന താപവ്യതിയാനങ്ങളും കമ്പനങ്ങളും നുഴഞ്ഞകയറ്റ ശ്രമങ്ങളും മനസിലാക്കാൻ കഴിയുന്നവിധത്തിലാണ് ഇതു സജ്ജമാക്കിട്ടുള്ളത്.
ചടങ്ങിൽ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരോടൊപ്പം എംപിമാരും എംഎൽഎമാരും പങ്കെടുക്കും.