മെറ്റയ്ക്കു വൻതുക പിഴ വിധിച്ച് യൂറോപ്യൻ യൂണിയൻ
Monday, May 22, 2023 11:27 PM IST
ഡബ്ളിൻ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് ഉൾപ്പടെയുള്ള സമൂഹമാധ്യമ ആപ്ലിക്കേഷനുകളുടെ മാതൃസ്ഥാപനമായ മെറ്റയ്ക്കു വൻതുക പിഴ വിധിച്ച് യൂറോപ്യൻ യൂണിയൻ സ്വകാര്യതാ സമിതി. യൂറോപ്യൻ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ യുഎസിലേക്കു കൊണ്ടുപോകുന്നതിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നു കണ്ടെത്തിയതിനെത്തുടർന്നാണു നടപടി.
ഐറിഷ് ഡേറ്റാ പ്രൊട്ടക്ഷൻ കമ്മീഷനാണ് (ഡിപിസി) മെറ്റയ്ക്കെതിരായ വിധി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് മെറ്റ 120 കോടി ഡോളർ (ഏകദേശം 10,000 കോടി രൂപ) പിഴയൊടുക്കേണ്ടിവരും. 2018ൽ നിലവിൽ വന്ന ജിഡിപിആർ നിയമങ്ങൾ മെറ്റ ലംഘിച്ചതായി ഡിപിസി വിധിയിൽ വ്യക്തമാക്കി. യൂറോപ്യൻ ഡേറ്റ പ്രൊട്ടക്ഷൻ ബോർഡിനാണു മെറ്റ പിഴയൊടുക്കേണ്ടത്. സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ള യൂറോപ്യൻ യൂണിയൻ നിയമപ്രകാരം ചുമത്തുന്ന എറ്റവും വലിയ പിഴശിക്ഷയാണിത്. യൂറോപ്യൻ യൂണിയനുവേണ്ടി പ്രവർത്തിക്കുന്ന സമിതിയാണ് ഐറിഷ് ഡേറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ.
വിധിക്കെതിരേ അപ്പീൽ നൽകുമെന്നും ശിക്ഷ സ്റ്റേ ചെയ്യാനുള്ള ശ്രമം നടത്തുമെന്നും മെറ്റ പ്രതികരിച്ചു. ഈ പിഴയെ നീതീകരിക്കാനാവില്ലെന്നും യൂറോപ്പിലെ ഫേസ്ബുക്ക് സേവനങ്ങൾ തടസപ്പെടില്ലെന്നും മെറ്റ വ്യക്തമാക്കി. യൂണിയന്റെ കടുത്ത നിയന്ത്രണങ്ങളെത്തുടർന്ന് യൂറോപ്പിൽ സേവനം അവസാനിപ്പിക്കേണ്ടിവരുമെന്നു മുന്‍പ് മെറ്റ ഭീഷണി മുഴക്കിയിരുന്നു.
ടെക് ഭീമൻമാരെയും കോർപറേറ്റുകളെയും നിലയ്ക്കുനിർത്താൻ യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികളിൽ ഒടുവിലത്തേതാണ് ഈ വിധി. നേരത്തേ, ആമസോണ്‍ ഡോട്ട് കോമിന് 74.6 കോടി യൂറോ ലക്സംബർഗ് പിഴ വിധിച്ചിരുന്നു. ആപ്പിളിനും വാട്സ്ആപ്പിനുമൊക്കെ യൂണിയൻ പിഴ വിധിച്ചിട്ടുണ്ട്.
തുടക്കം പത്തുവര്‍ഷം മുമ്പ് സ്നോഡനിൽനിന്ന്
ഫേസ്ബുക്ക്, ഗൂഗിൾ ഉൾപ്പെടെയുള്ള കന്പനികൾ ശേഖരിക്കുന്ന വ്യക്തിവിവരങ്ങൾ അമേരിക്കൻ ഏജൻസികൾക്കു ലഭിക്കുന്നതായി 2013ൽ യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസി കരാറുകാരനായ എഡ്വേർഡ് സ്നോഡൻ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഓസ്ട്രിയൻ സുരക്ഷാ കാംപയ്നറായ മാക്സ് സ്ക്രീംസ് ഫേസ്ബുക്കിന്റെ യൂറോപ്യൻ യൂണിയനിലെ ഡേറ്റ യുഎസിലേക്കു മാറ്റുന്നതിനെതിരായ നിയമയുദ്ധം തുടങ്ങിയത്.
2020ൽ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റീസ് ഈ ഡേറ്റ കൊണ്ടുപോകൽ നിയമവിരുദ്ധമാണെന്നു വിധിച്ചു. എന്നാൽ, മതിയായ സുരക്ഷ ഉറപ്പാക്കിയാൽ കന്പനികൾക്കു ഡേറ്റ മറ്റൊരു രാജ്യത്തേക്കു കൊണ്ടുപോകാൻ കഴിയുമെന്നും യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റീസ് നിരീക്ഷിച്ചു. ഇതിൽ വീഴ്ച വരുത്തിയതിനാണു മെറ്റയ്ക്കു വൻ തുക പിഴ വിധിച്ചത്.