പെപ്സിയെയും കോക്കിനെയും വെല്ലുവിളിച്ച് കാന്പ കോളയുമായി റിലയൻസ്
Tuesday, March 28, 2023 12:45 AM IST
മുംബൈ: ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയുടെ റിലയൻസ് ശീതളപാനീയ ബ്രാൻഡുകളായ പെപ്സികോയ്ക്കും കൊക്കകോളയ്ക്കും വെല്ലുവിളി ഉയ ർത്തി കാന്പ കോളയെ പുനരുജീവിപ്പിക്കാൻ തീരുമാനിച്ചു.
നേരത്തേ ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പ്യുവർ ഡ്രിങ്ക്സ് ഗ്രൂപ്പിൽ നിന്ന് ശീതളപാനീയ ബ്രാൻഡായ കാന്പയെ റിലയൻസ് ഏറ്റെടുത്തിരുന്നു.
കൂടാതെ ഗുജറാത്തിൽ പ്രവർത്തിക്കുന്ന സോസ്യോ ഹജൂരി ബിവറേജസിന്റെ 50 ശതമാനം ഓഹരിയും റിലയൻസ് വാങ്ങിയിരുന്നു. കാന്പ കോള, കാന്പ ലെമണ്‍, കാന്പ ഓറഞ്ച് എന്നീ ഫ്ളേവറുകളിലാണ് ഇവ വിപണിയിൽ എത്തുക.
പെപ്സിയും കൊക്കകോളയും അടക്കിവാഴുന്ന വിപണിയിൽ നിന്ന് 4.6 ബില്യണ്‍ ഡോളർ വരെ വരുമാനം നേടാനും 2027 വരെ പ്രതിവർഷം അഞ്ചുശതമാനം വളർച്ച കൈവരിക്കാനുമാകുമെന്ന് റിലയൻസ് കണക്കു കൂട്ടുന്നു.
പയറ്റുന്നത് വിലകുറയ്ക്കൽ തന്ത്രം
അമേരിക്കൻ ബ്രാൻഡുകൾ അരങ്ങുവാഴുന്ന ശീതളപാനീയ വിപണിയെ കൈപ്പിടിയിലൊതുക്കാൻ ടെലികോം മേഖലയിലെ മുന്നേറ്റത്തിന് തിരഞ്ഞെടുത്ത അതേ മാർഗമാണു റിലയൻസ് ഇത്തവണയും സ്വീകരിക്കുന്നത്. അതേ പഴയ തന്ത്രംതന്നെ. വില കുറയ്ക്കൽ.
കാന്പ കോള ഉത്പാദിപ്പിക്കുന്നതിന് സ്വന്തമായി ചില ഫാക്ടറികൾ സ്വന്തമായും സംയുക്ത സംരംഭങ്ങൾ എന്ന നിലയിലും തുറക്കാനും ഹോട്ടലുകളിലേക്കും റെസ്റ്റോറന്റുകളിലേക്കും ഇൻഫ്ലൈറ്റ് വില്പനയിലേക്കും കാന്പ കോളയെ കൊണ്ടുപോകാനുമാണ് റിലയൻസിന്റെ പദ്ധതി.
ഇൻസ്റ്റോർ വിലകളിൽ റിലയൻസ് വലിയ ഇളവ് നൽകും.
രണ്ട് ലിറ്റർ കാന്പ കോള ബോട്ടിലിന് കടകളിൽ 49 രൂപയാണ് റിലയൻസ് കണക്കുകൂട്ടുന്നത് (60 യുഎസ് സെന്റ്). ബോട്ടിലിൽ പതിച്ചിരിക്കുന്ന ലേബലിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയിൽ ഏകദേശം 50 ശതമാനം കിഴിവ്, 2.25 ലിറ്റർ കോക്ക്, പെപ്സി ബോട്ടിലുകളേക്കാൾ മൂന്നിലൊന്ന് കുറവാണ്. കാന്പ കോളയുടെയും കൊക്കകോളയുടെയും ഏറ്റവും ചെറിയ കുപ്പികൾക്ക് 10 രൂപയും പെപ്സിക്ക് 12 രൂപയുമാണ് നിലവിലെ വില.
ഐപിഎൽ ടീമുകളെ പങ്കാളികളാക്കും
വരാനിരിക്കുന്ന ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റിനിടെ കാന്പ കോളയുടെ വിപുലമായ ബ്രാൻഡ് പ്രൊമോഷനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. കുറഞ്ഞത് മൂന്നു ടീമുകളെ ബ്രാൻഡ് പ്രൊമോഷനിൽ പങ്കാളിയാക്കാനും ചർച്ചകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
വിപണിയിൽ പുതിയ എതിരാളികൾ ഉള്ളത് ഉത്പാദനം കൂടുതൽ വികസിപ്പിക്കാനുള്ള മികച്ച അവസരമാണെന്ന് കന്പനി വ്യക്തമാക്കിയിട്ടുണ്ട്.
റിലയൻസിന്റെ കോള, കണ്‍സ്യൂമർ ഗുഡ്സ് വിഭാഗങ്ങളെ നയിക്കുന്നത് ടി. കൃഷ്ണകുമാറാണ്. മുൻപ് കൊക്ക കോള കന്പനിയിലായിരുന്ന കൃഷ്ണകുമാർ 17 വർഷത്തോളം വിവിധ ഉർന്ന പദവികൾ വഹിച്ച ശേഷം 2021 ൽ റിലയൻസിൽ ചേരുകയായിരുന്നു.
വില കുറയ്ക്കുന്ന തന്ത്രം ഹോം കെയർ വിഭാഗത്തിലും
വ്യക്തിഗത, ഹോം കെയർ വിഭാഗത്തിലും വിലകുറയ്ക്കൽ തന്ത്രം പയറ്റാൻ റിലയൻസ്. റിലയൻ ലക്ഷ്യംവയ്ക്കുന്നത് ഹിന്ദുസ്ഥാൻ യുണിലിവർ, റെക്കിറ്റ്, നെസ്ലെ തുടങ്ങിയ ബ്രാൻഡുകളെയാണ്. ഉത്പന്നങ്ങൾ 30 മുതൽ 35 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് റിലയൻസ് വാഗ്ദാനം ചെയ്യുന്നു.
ജിയോ മാർട്ടിലൂടെയാണ് ഉത്പന്നങ്ങൾ വിതരണം ചെയ്യുക. ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമർ ഗുഡ്സ് വിഭാഗത്തിലുൾപ്പെടുന്ന സൗന്ദര്യവർധക വസ്തുക്കൾ, വ്യക്തിഗത പരിചരണം, ഹോം കെയർ സ്പേസ് എന്നീ വിഭാഗങ്ങളിലാണ് വിലക്കുറവ് ലഭിക്കുക.
നിലവിൽ ഈ മേഖല ഭരിക്കുന്നത് ഹിന്ദുസ്ഥാൻ യുണിലിവറാണ് (എച്ച്യുഎൽ). രാജ്യത്തെ ഏറ്റവും വലിയ ബ്യൂട്ടി സോപ്പും ഡിഷ് ബാർ ബ്രാൻഡുകളും എച്ച് യുഎലിനു സ്വന്തമാണ്. എച്ച് യുഎലിന്റെ ലക്സ്, ഡോവ്, പിയേഴ്സ്, ലൈഫ്ബോയ് എന്നിവ സൗന്ദര്യ സോപ്പ് വിപണിയിൽ ആധിപത്യം പുലർത്തുന്നു. ഡിഷ് വാഷർ രംഗത്ത് വിം ബാറും ഒന്നാമതാണ്.
ഇവിടേയ്ക്കാണ് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് (ആർആർവിഎൽ) തങ്ങളുടെ ഉത്പന്നങ്ങളുമായി എത്തുന്നത്. റിലയൻസ് തങ്ങളുടെ ഉത്പന്നങ്ങളായ ഗ്ലിമ്മർ ബ്യൂട്ടി സോപ്പുകൾ, ഗെറ്റ് റിയൽ നാച്ചുറൽ സോപ്പുകൾ, പ്യൂരിക് ഹൈജീൻ സോപ്പുകൾ എന്നിവയ്ക്ക് 25 രൂപയാണ് വിലയിട്ടിരിക്കുന്നത്. വിപണിയിൽ ഇവയോട് മത്സരിക്കുന്ന ലക്സ് സോപ്പിന്റെ വില 100 ഗ്രാമിന് 35 രൂപയും ഡെറ്റോൾ സോപ്പിന് 75 ഗ്രാമിന് 40 രൂപയും സന്തൂർ സോപ്പിന് 100 ഗ്രാമിന് 34 രൂപയുമാണ് വില.
ഹോ കെയർ വിഭാഗത്തിലും വിലകുറച്ച് ഉത്പന്നങ്ങൾ റിലയൻസ് മാർക്കറ്റിലെത്തിക്കും. വാഷിംഗ് മെഷിനിൽ ഉപയോഗിക്കുന്ന സർഫ് എക്സൽ മാറ്റിക്കിന്റെ രണ്ടു ലിറ്റർ പായ്ക്കിന് വില 325 രൂപയാണെങ്കിൽ ജിയോ മാർട്ടിൽ ലഭിക്കുന്ന ആർആർവിഎല്ലിന്റെ എൻസോ രണ്ടു ലിറ്റർ ഡിറ്റർജന്റിന്റെ വില 250 രൂപ മാത്രമാണ്.
എൻസോയുടെ സാധാരണ സോപ്പുപൊടിക്ക് ജിയോ മാർട്ടിൽ 149 രൂപയാണ് വില. ഡിഷ് വാഷ് വിഭാഗത്തിലും റിലയൻസ് മത്സരത്തിനിറങ്ങുന്നു. ഡിഷ് വാഷ് വിഭാഗത്തിൽ, 5, 10, 15 രൂപയ്ക്ക് സോപ്പുകളും 10, 30, 45 രൂപയ്ക്ക് ലിക്വിഡ് ജെൽ പായ്ക്കുകളും റിലയൻസ് പുറത്തിറക്കിയിട്ടുണ്ട്. എച്ച് യു എലിന്റെ വിം ബാർ, ജ്യോതി ലാബിന്റെ എക്സോ, പ്രിൽ എന്നിവയുമായാണ് റിലയൻസ് മത്സരിക്കുന്നത്. എൻസോ ഡിറ്റർജന്റ് ബാറുകളുടെ വില റിലയൻസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.