കോവിഡ് കാലത്ത് അന്തര്‍സംസ്ഥാന യാത്ര സഹായവുമായി "ഫ്ലിറ്റ്ഗോ'
Saturday, May 30, 2020 12:14 AM IST
കോട്ടയം: കോവിഡ് കാലത്ത് കേരളത്തിലേക്കു വരാനും ഇതര സംസ്ഥാനങ്ങളിലേക്കും പോകാനും ബുദ്ധിമുട്ടുന്നവര്‍ക്കു സഹായവുമായി ഓണ്‍ലൈന്‍ ടാക്സി സര്‍വീസ്. "ഫ്ലിറ്റ്ഗോ' എന്ന പേരില്‍ പുതുതായി ആരംഭിക്കുന്ന ഓണ്‍ലൈന്‍ ടാക്സി സര്‍വീസാണ് കമ്മിഷന് ഈടാക്കാതെയുള്ള സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്.
നിലവിലത്തെ സാഹചര്യത്തില്‍ കേരളത്തിനു പുറത്തുള്ള നിരവധി പേരാണ് നാട്ടിലേക്ക് എത്താന്‍ ശ്രമിക്കുന്നത്. ഇവര്‍ക്കായി പ്രത്യേക ട്രെയിനുകള്‍ ഓടിക്കുന്നുണ്ടെങ്കിലും റെയില്‍വേ സ്റ്റേഷനുകളിലേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും ട്രെയിനില്‍ സഞ്ചരിക്കാന്‍ പറ്റാത്ത സാഹചര്യവും നിരവധി പേരെ ബുദ്ധിമുട്ടിലാക്കുന്നു.
ഇതിനു പരിഹാരമായി കേരളത്തിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ക്ക് സൗകര്യമൊരുക്കുകയാണ് ഫ്ലിറ്റ്ഗോ. മിതമായ നിരക്കിലാണ് രാജ്യത്ത് ഏതു സംസ്ഥാനത്തില്‍ നിന്നും കേരളത്തിലേക്കു വരാനും തിരികെ പോകാനും ടാക്സി ലഭ്യമാക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പാസ് വേണമെന്ന് മാത്രം. ഇതിനായി പ്രത്യേക വെബ്സൈറ്റും ഫ്ലിറ്റ്ഗോ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ റജിസ്റ്റര്‍ ചെയ്താല്‍ ലഭ്യമായ വാഹനങ്ങളുടെ വിവരങ്ങള്‍ ലഭിക്കും. കേരളത്തില്‍ നിന്നുള്ള ടാക്സികളാണ് സര്‍വീസ് നടത്തുന്നത്.
ഇടനിലക്കാരെ ഒഴിവാക്കി, വാഹന സര്‍വീസ് നടത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടാനുള്ള സൗകര്യമാണ് ഫ്ലിറ്റ്ഗോ നല്‍കുന്നത്. അധികൃതര്‍ നല്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചു യാത്ര ചെയ്യുന്നവര്‍ ഏജന്‍സികള്‍ക്കു പണം നല്‍കാതെ നേരിട്ട് വാഹനങ്ങള്‍ ലഭിക്കുമെന്നതാണ് ഫ്ലിറ്റ്ഗോയുടെ പ്രത്യേകത.
വിപുലമായ തോതില്‍ കേരളത്തില്‍ ഉടന്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ടാക്സി സര്‍വീസാണിത്. പതിവ് ഓണ്‍ലൈന്‍ ടാക്സികളില്‍നിന്ന് വ്യത്യസ്തമായി ഉപയോക്താക്കളും വാഹന ഉടമകളുമായി നേരിട്ടുള്ള ആശയവിനിമയത്തില്‍ കാറുകളും ബസുകളും covid.flitgo.com എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം.