ലക്നോ സൂപ്പർ ജയന്റ്സിനെ എട്ട് വിക്കറ്റിനു കീഴടക്കി പഞ്ചാബ് കിംഗ്സ്
Wednesday, April 2, 2025 12:07 AM IST
ലക്നോ: പ്രഭ്സിമ്രന് സിംഗിന്റെ പ്രഭാവലയത്തില്‍ പഞ്ചാബ് കിംഗ്സിന് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് 2025 സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയം. ലക്നോ സൂപ്പര്‍ ജയന്റ്സിനെ അവരുടെ തട്ടകത്തില്‍വച്ച് എട്ട് വിക്കറ്റിന് പഞ്ചാബ് കിംഗ്സ് തകര്‍ത്തു.
ടെന്നീസ് ഫോര്‍ആം സ്റ്റൈല്‍ സിക്സ് അടക്കം തകര്‍ത്തടിച്ച പ്രഭ്സിമ്രന് സിംഗിന്റെ ബാറ്റില്‍നിന്ന് 34 പന്തില്‍ 69 റണ്‍സ് പിറന്നു. മൂന്നു സിക്സും ഒമ്പത് ഫോറും അടക്കമാണിത്. പ്രഭ്സിമ്രനാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 30 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്നു. 22 പന്തുകൾ ബാക്കിവച്ചാണ് പഞ്ചാബ് മിന്നും ജയം അടിച്ചെടുത്തത്.
ശ്രേയസ് അയ്യറിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയാണ്. ഇംപാക്ട് പ്ലെയറായി ക്രീസില്‍ എത്തിയ നേഹല്‍ വധേര 25 പന്തില്‍ 43 റണ്‍സുമായി ശ്രേയസ് അയ്യറിനൊപ്പം ക്രീസില്‍ തുടര്‍ന്നു. പ്രഭ്സിമ്രന് സിംഗിനൊപ്പം ഓപ്പണിംഗിന് ഇറങ്ങിയ പ്രിയാന്‍ഷ് ആര്യയുടെ (8) വിക്കറ്റ് പഞ്ചാബിന് തുടക്കത്തില്‍ നഷ്ടപ്പെട്ടിരുന്നു.
ക്യാപ്റ്റൻ ശ്രേയസ്
ക്യാപ്റ്റന്‍ എന്ന നിലയില്‍ ശ്രേയസ് അയ്യര്‍ ഐപിഎല്ലില്‍ സ്വന്തമാക്കുന്ന തുടര്‍ച്ചയായ എട്ടാം ജയമാണ്. ഗൗതം ഗംഭീര്‍ (10) മാത്രമാണ് ശ്രേയസ് അയ്യറിന് മുന്നില്‍ ഇനിയുള്ളത്. വിദേശ താരങ്ങളുടെ ബാറ്റിംഗ് സഹായമില്ലാതെ പഞ്ചാബ് ഐപിഎല്ലില്‍ സ്വന്തമാക്കുന്ന ആദ്യ ജയമാണിതെന്നതും ശ്രദ്ധേയം.
ബൗളിംഗ് പിച്ച്
ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. ഐപിഎല്‍ 2025 സീസണില്‍ ബൗളര്‍മാരെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്ന പിച്ചെന്ന നിലയിലായിരുന്നു ശ്രേയസിന്റെ ഈ തീരുമാനം. ക്യാപ്റ്റന്റെ തീരുമാനം ശരിവച്ച് ഇന്നിംഗ്സിലെ നാലാം പന്തില്‍ അര്‍ഷദീപ് സിംഗ്, മിച്ചല്‍ മാര്‍ഷിനെ ഗോള്‍ഡന്‍ ഡക്കാക്കി.
ലക്നോ സൂപ്പര്‍ ജയന്റ്സിനു ലഭിച്ച ഏറ്റവും വലിയ പ്രഹരമായിരുന്നു ഫോമിലുള്ള മിച്ചല്‍ മാര്‍ഷിന്റെ (0) പുറത്താകല്‍. ഇതുവരെ ഫോം കണ്ടെത്താതിരുന്ന എയ്ഡന്‍ മാക്രത്തിന്റെ (18 പന്തില്‍ 28) കടന്നാക്രമണത്തിന് ലോക്കി ഫെര്‍ഗൂസണും ചെക്ക് വച്ചു. ഒരു സിക്സും നാലു ഫോറും അടങ്ങിയ മാക്രത്തിന്റെ ഇന്നിംഗ്സിന് ക്ലീന്‍ ബൗള്‍ഡിലൂടെ ഫെര്ഗൂസണ് വിരാമമിട്ടു.
27 കോടിയുടെ പന്ത്
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന ഖ്യാതിയുമായി 2025 സീസണില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിലെത്തിയ ഋഷഭ് പന്ത് തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്സിലും വന്‍പരാജയമായി. അഞ്ച് പന്തില്‍ രണ്ട് റണ്‍സ് നേടിയ പന്തിനെ ഗ്ലെന്‍ മാക്സ്വെല് പറഞ്ഞയച്ചു. 0, 15 എന്നിങ്ങനെയായിരുന്നു ആദ്യ രണ്ടു മത്സരങ്ങളില്‍ പന്തിന്റെ സ്കോര്‍. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്ളോപ്പ് ആകുമോ പന്ത് എന്നതാണ് സുപ്രധാന ചോദ്യം.
26.75 കോടി രൂപയ്ക്കു പഞ്ചാബ് സ്വന്തമാക്കിയ ശ്രേയസ് അയ്യറും 27 കോടിയുടെ ഋഷഭ് പന്തും ഒന്നിച്ചു കളത്തിലെത്തിയപ്പോള്‍ അതും ഐപിഎല്‍ ചരിത്രമായി. 25+ കോടിയുടെ രണ്ടു കളിക്കാര്‍ ആദ്യമായി ഒന്നിച്ച് ഇറങ്ങിയ മത്സരമായിരുന്നു ലക്നോ x പഞ്ചാബ്.
പുരാന് പോരാട്ടം
18-ാം സീസണ് ഐപിഎല്ലില്‍ മിന്നും ഫോമില്‍ തുടരുന്ന നിക്കോളാസ് പുരാന് 30 പന്തില്‍ 44 റണ്‍സുമായാണ് മടങ്ങിയത്. തുടക്കത്തില്‍ വിക്കറ്റ് നഷ്ടപ്പെട്ടതിനാല്‍ പുരാന്റെ കടന്നാക്രമണം നടന്നില്ല. ആറു റണ്‍സ് അകലെവച്ച് ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം അര്‍ധസെഞ്ചുറി പുരാനു നഷ്ടപ്പെട്ടു. 61, 75, 75, 70, 44 എന്നതാണ് അവസാന അഞ്ച് ഐപിഎല്‍ ഇന്നിംഗ്സില്‍ പുരാന്റെ സ്കോര്‍.
33 പന്തില്‍ 41 റണ്‍സ് നേടിയ ആയുഷ് ബഡോണി, 12 പന്തില്‍ 27 റണ്‍സ് നേടിയ അബ്ദുള്‍ സമദ്, എന്നിവരുടെ പോരാട്ടം ലക്നോ സൂപ്പര്‍ ജയന്റ്സിനെ ഭേദപ്പെട്ട സ്കോറില്‍ (171/7) എത്തിച്ചു. പഞ്ചാബിനു വേണ്ടി അർഷദീപ് സിംഗ് മൂന്നു വിക്കറ്റ് സ്വന്തമാക്കി.