ബ്ലാസ്റ്റേഴ്സ് ക്ലൈമാക്സ്
Wednesday, March 12, 2025 12:58 AM IST
ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 2024-25 സീസണിലെ അവസാന മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കളത്തിൽ.
എവേ പോരാട്ടത്തിൽ ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്നു ജയിച്ചാലും സമനില നേടിയാലും സീസണിൽ എട്ടാം സ്ഥാനത്തു കൊച്ചി ക്ലബ്ബിനു ഫിനിഷ് ചെയ്യാം.
ലീഗിൽ 23 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന് 28 പോയിന്റാണ് ഉള്ളത്. എട്ടു ജയവും നാലു സമനിലയും 11 തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ള പ്രകടനം.
24 മത്സരങ്ങളിൽനിന്ന് 28 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള പഞ്ചാബ് എഫ്സിയെ പിന്തള്ളാനുള്ള അവസരം കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ട്. മറുവശത്ത് ഹൈദരാബാദ് എഫ്സി 23 മത്സരങ്ങളിൽനിന്ന് 17 പോയിന്റുമായി 12-ാം സ്ഥാനത്താണ്.