പത്താംപക്കം ഐപിഎൽ വെടിക്കെട്ട്
Wednesday, March 12, 2025 12:58 AM IST
ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ടീം ഇന്ത്യ സ്വന്തമാക്കിയതിന്റെ ആഘോഷങ്ങൾ കെട്ടടങ്ങും മുന്പ് ട്വന്റി-20യുടെ വെടിക്കെട്ടിനു തിരിതെളിയും. ഇന്നേക്കു പത്താംദിനം 2025 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിനു തുടക്കം കുറിക്കും. വേനൽ വെടിക്കെട്ടിന്റെ ക്രിക്കറ്റ് പകർപ്പിന് ഈ മാസം 22നാണ് തുടക്കം കുറിക്കുക.
18-ാം സീസണ് ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ഐപിഎല്ലിൽ ഇതുവരെ കിരീടം സ്വന്തമാക്കാൻ സാധിക്കാത്ത ടീമായ ആർസിബി 2025 എഡിഷനിൽ ട്രോഫിയിൽ ചുംബിക്കുമോ എന്നത് ഇത്തവണത്തെയും സുപ്രധാന ചോദ്യമാണ്.
2025 മെഗാ താര ലേലത്തിലൂടെ ടീമുകളെല്ലാം ഉടച്ചു വാർക്കപ്പെട്ടു. 2024 സീസണിൽ ഒന്നിച്ചു കളിച്ചവരിൽ മിക്കവരും ചിതറിക്കപ്പെട്ടു. പല പ്രമുഖരും പുതിയ താവളങ്ങളിൽ ചേക്കേറി. ഐപിഎൽ 2025 എഡിഷനിലെ ശ്രദ്ധേയമായ 10 കാര്യങ്ങൾ...
01ഐപിഎല്ലിൽ 10 ടീമുകൾ കളിക്കുന്ന മൂന്നാം സീസണ് ആണ് 2025. 2022 സീസണ് മുതലാണ് ഐപിഎല്ലിൽ 10 ടീമുകൾ കളിക്കാൻ തുടങ്ങിയത്. ഗുജറാത്ത് ടൈറ്റൻസ്, ലക്നോ സൂപ്പർ ജയന്റ്സ് ടീമുകളാണ് ഏറ്റവും അവസാനമായി ഐപിഎൽ വേദിയിലേക്കെത്തിയത്.

ഐപിഎൽ ട്രോഫി ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയത് ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾ, അഞ്ച് തവണ വീതം. ചെന്നൈ സൂപ്പർ കിംഗ്സ് 2010, 2011, 2018, 2021, 2023 വർഷങ്ങളിലും മുംബൈ ഇന്ത്യൻസ് 2013, 2015, 2017, 2019, 2020 എഡിഷനുകളിലും ചാന്പ്യന്മാരായി.
02ജസ്പ്രീത് ബുംറ ഇല്ലാത്ത സീസണ് ആണിത്. പരിക്കിനെത്തുടർന്നു വിശ്രമത്തിലുള്ള പേസർ ജസ്പ്രീത് ബുംറ മുംബൈ ഇന്ത്യൻസിനു വേണ്ടി കളത്തിൽ എത്തില്ല. 18 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ജസ്പ്രീത് ബുംറയെ നിലനിർത്തിയത്. ഐപിഎല്ലിന്റെ ആദ്യ രണ്ട് ആഴ്ച ബുംറ മുംബൈക്ക് ഒപ്പം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.
03 ഇന്ത്യയിലേ ഏറ്റവും വേഗമേറിയ പേസറായ മായങ്ക് യാദവും 2025 ഐപിഎൽ സീസണിന്റെ തുടക്കത്തിൽ കളത്തിൽ ഉണ്ടാകില്ല. 11 കോടി രൂപയ്ക്കാണ് ലക്നോ സൂപ്പർ ജയന്റ്സ് മായങ്ക് യാദവിനെ ടീമിൽ നിലനിർത്തിയത്. ഇരുപത്തിരണ്ടുകാരനായ മായങ്ക് യാദവ് പരിക്കിൽനിന്നു മോചിതനായി വരുന്നതേയുള്ളൂ എന്നാണ് റിപ്പോർട്ട്.

04 മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യ 2025 ഐപിഎൽ എഡിഷനിലെ ആദ്യ മത്സരത്തിൽ ടീമിൽ ഉണ്ടാകില്ല. മാർച്ച് 23നു ചെന്നൈ സൂപ്പർ കിംഗ്സിന് എതിരേയാണ് മുംബൈയുടെ ആദ്യ മത്സരം.
2024 ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിന് എതിരായ മുംബൈയുടെ അവസാന മത്സരത്തിൽ സ്ലോ ഓവർ റേറ്റ് ആയതോടെ ഹാർദിക് പാണ്ഡ്യക്കു വിലക്ക് വന്നിരുന്നു. ഇക്കാരണത്താൽ ചെന്നൈ സൂപ്പർ കിംഗ്സിന് എതിരേ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഹാർദിക് മുംബൈ ഇന്ത്യൻസിന് ഒപ്പം ഉണ്ടാകില്ല.
05 ലക്നോ സൂപ്പർ ജയന്റ്സ് 3.40 കോടി രൂപയ്ക്കു സ്വന്തമാക്കിയ ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷ് സീസണിൽ കളത്തിൽ ഉണ്ടാകില്ല. പരിക്കിനെത്തുടർന്നു വിശ്രമത്തിൽ ആയതിനാലാണിത്. ഓസ്ട്രേലിയയുടെ ഐസിസി ചാന്പ്യൻസ് ട്രോഫി ടീമിലും മാർഷ് ഉണ്ടായിരുന്നില്ല.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 12.50 കോടി രൂപയ്ക്കു സ്വന്തമാക്കിയ ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡും കളത്തിൽ ഉണ്ടായേക്കില്ല. പരിക്കിനെത്തുടർന്ന് ഹെയ്സൽവുഡ് ഇന്ത്യക്കെതിരായ ടെസ്റ്റ് പരന്പര മുതൽ കളത്തിനു പുറത്താണ്.
06 ടീം ഇന്ത്യയെ 2024 ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ചാന്പ്യന്മാരാക്കിയ രാഹുൽ ദ്രാവിഡ് ഐപിഎൽ മുഖ്യപരിശീലകനാകുന്ന സീസണ് ആണ് 2025. രാജസ്ഥാൻ റോയൽസിന്റെ മുഖ്യപരിശീലകനാണ് രാഹുൽ ദ്രാവിഡ്.
07 കെ.എൽ. രാഹുൽ ഡൽഹി ക്യാപ്പിറ്റൽസ് ക്യാപ്റ്റൻസി വേണ്ടെന്നുവച്ചു എന്നുള്ള റിപ്പോർട്ട് പുറത്ത്. ഇന്നലെയാണ് ഇതു സംബന്ധിച്ചുള്ള വാർത്തകൾ പ്രചരിച്ചത്. കെ.എൽ. രാഹുലിനു പകരം സ്പിൻ ഓൾറൗണ്ടറായ അക്സർ പട്ടേൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ ക്യാപ്റ്റൻ ആയേക്കും എന്നും റിപ്പോർട്ടുണ്ട്. കുഞ്ഞിന്റെ ജനനം സംബന്ധിച്ച് കെ.എൽ. രാഹുൽ ചില മത്സരങ്ങളിൽ കളിച്ചേക്കില്ല എന്നും സൂചനയുണ്ട്.
08 ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് മാറിയ സീസണ് ആണ് 2025. ഇത്തവണത്തെ മെഗാ താര ലേലത്തിൽ 27 കോടി രൂപയാണ് ഋഷഭ് പന്തിനെ സ്വന്തമാക്കാൻ ലക്നോ സൂപ്പർ ജയന്റ്സ് മുടക്കിയത്. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 2024 ട്രോഫിയിൽ എത്തിച്ച ക്യാപ്റ്റനായ ശ്രേയസ് അയ്യറിനായി 26.75 കോടി രൂപ പഞ്ചാബ് കിംഗ്സും 2025 മെഗാ താര ലേലത്തിൽ മുടക്കി.
09 ഐസിസി പെരുമാറ്റച്ചട്ടത്തിനു കീഴിൽ നടക്കുന്ന ആദ്യ ഐപിഎൽ സീസണ് ആണ് ഇത്തവണത്തേത്. മുൻകാലങ്ങളിൽ ഐപിഎല്ലിന്റെ സ്വന്തം പെരുമാറ്റച്ചട്ടമായിരുന്നു. ഐസിസി അംഗീകരിച്ച പിഴകളായിരിക്കും ഇനി മുതൽ ഐപിഎല്ലിലും ഉണ്ടായിരിക്കുക.
10 ഇംഗ്ലീഷ് വെടിക്കെട്ട് ബാറ്റർ ഹാരി ബ്രൂക്കിന് ഐപിഎല്ലിൽ വിലക്ക് വീഴാനുള്ള വഴികൾ തെളിഞ്ഞു. 2025 മെഗാ താര ലേലത്തിൽ 6.25 കോടി രൂപയ്ക്കു ഡൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കിയ ഹാരി ബ്രൂക്ക്, ഐപിഎല്ലിൽനിന്നു പിന്മാറുന്നതായി ഞായറാഴ്ച അറിയിച്ചു.
ഇംഗ്ലീഷ് ക്രിക്കറ്റ് നിലവിൽ നേരിടുന്ന പ്രതിസന്ധിയുടെ ഭാഗമായി സ്വദേശത്തു തുടരാൻ ആഗ്രഹിക്കുന്നതായാണ് ബ്രൂക്ക് അറിയിച്ചത്. ഐപിഎൽ ലേലത്തിനു രജിസ്റ്റർ ചെയ്യുകയും ലേലത്തിൽ വിറ്റഴിയപ്പെടുകയും ചെയ്യുന്ന വിദേശ കളിക്കാർ, പരിക്കിന്റെ പേരിൽ അല്ലാതെ ടൂർണമെന്റിൽനിന്നു പിന്മാറിയാൽ ഐപിഎൽ ലേലം/ടൂർണമെന്റ് എന്നിവയിൽനിന്ന് രണ്ടു വർഷം വിലക്ക് ഏർപ്പെടുത്താൻ 2024 സെപ്റ്റംബറിൽ ഗവേണിംഗ് കൗണ്സിൽ തീരുമാനമായിരുന്നു.