ട്രോഫി പരേഡ് ഇല്ല
Tuesday, March 11, 2025 12:50 AM IST
മുംബൈ: ഐസിസി 2025 ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ജേതാക്കളായ ടീം ഇന്ത്യ, സ്വദേശത്ത് ട്രോഫിയുമായി ബസ് പരേഡ് നടത്തില്ല.
2024 ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കിയപ്പോൾ മുംബൈ മറീന ബീച്ചിലും വാങ്കഡെ സ്റ്റേഡിയത്തിലും വൻ ആഘോഷ പരിപാടികൾ അരങ്ങേറിയിരുന്നു. എന്നാൽ, ചാന്പ്യൻസ് ട്രോഫി ജയത്തിൽ ആഘോഷങ്ങൾ ഉണ്ടായിരിക്കില്ലെന്നതാണ് നിലവിലെ റിപ്പോർട്ട്.
ഇന്ത്യ ടീം അംഗങ്ങൾ വ്യത്യസ്ത സമയങ്ങളിൽ അവരവരുടെ സ്വദേശത്തേക്കായിരിക്കും ദുബായിൽനിന്നു മടങ്ങുന്നത്. അതുകൊണ്ടാണ് ട്രോഫി പരേഡ് വേണ്ടെന്നുവച്ചിരിക്കുന്നത് എന്നാണ് വിവരം.
2025 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിനു മുന്പ് കുടുംബത്തോടൊപ്പം ചെറിയ ഇടവേള ആഘോഷിക്കാനാണ് കളിക്കാർ സ്വന്തം നാട്ടിലേക്കു മടങ്ങുന്നത്. ഈ മാസം 22 മുതലാണ് ഐപിഎൽ 2025 ടൂർണമെന്റ്.
രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ പരിശീലനം ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ ആരംഭിക്കും.