ഡബ്ല്യുപിഎൽ: ഗ്രൂപ്പ് ഘട്ടം ഇന്നു തീരും
Tuesday, March 11, 2025 12:50 AM IST
ബംഗളൂരു: വനിത പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് ഗ്രൂപ്പു ഘട്ട മത്സരങ്ങൾ മുംബൈ ഇന്ത്യൻസ്- റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മത്സരത്തോടെ ഇന്ന് അവസാനിക്കും. രാത്രി 7.30നാണ് മത്സരം. ഫെബ്രുവരി 14ന് ഗുജറാത്തും ബംഗളൂരുവും തമ്മിൽ ഏറ്റുമുട്ടി തുടങ്ങിയ ഗ്രുപ്പ് ഘട്ടം ബംഗളൂരുവിന്റെ മത്സരത്തോടെ തന്നെ അവസാനിക്കും.
തുടർച്ചയായ മൂന്നാം പ്രാവശ്യവും മുംബൈയും ഡൽഹിയും പ്ലെ ഓഫിൽ കടന്നു. കഴിഞ്ഞ രണ്ട് എഡിഷനിലും കാര്യമായ നേട്ടമുണ്ടാക്കാതിരുന്ന ഗുജറാത്ത് ഇത്തവണ പ്ലെ ഓഫിലേക്കു മുന്നേറി. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവർ നേരിട്ട് ഫൈനലിൽ കടക്കും.
രണ്ടും മൂന്നും സ്ഥാനക്കാർ എലിമിനേറ്റർ പോരാട്ടം നടത്തും. 13ന് നടക്കുന്ന എലിമിനേറ്റർ പോരാട്ടത്തിൽ ജയിക്കുന്നവർ 15ന് നടക്കുന്ന ഫൈനലിൽ ഒന്നാം സ്ഥാനക്കാരെ നേരിടും.
ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഒന്‍പത് റണ്‍സിന് ഗുജറാത്ത് ജയന്റ്സിനെ തോൽപ്പിച്ചു.