യുപി വാരിയേഴ്സിന് ജയം
Sunday, March 9, 2025 12:20 AM IST
ലക്നൗ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ യുപി വാരിയേഴ്സിന് പന്ത്രണ്ട് റണ്‍സ് ജയം. 225 റണ്‍സ് കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന ബംഗളൂരു റോയൽ ചലഞ്ചേഴ്സിന് 213 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു.
ലക്നൗ ഭാരത് രത്ന ശ്രീ അഡല്‍ ബിഹാരി വാജ്പേയ് ഏക്ന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ബംഗളൂരു ക്യാപ്റ്റൻ സ്മൃതി മന്ദാന ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
യുപി വാരിയേഴ്സ് ബംഗളുരു ക്യാപ്റ്റന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അടിച്ചുതകർത്തു. സ്കോർ: യുപി വാരിയേഴ്സ്: 20 ഓവറിൽ 225/5. ബംഗളൂരു: 19.3 ഓവറിൽ 213.യുപി വാരിയേഴ്സിന്റെ ഓപ്പണർമാർ തകർത്തടിച്ചുതുടങ്ങിയ മത്സരത്തിൽ ആദ്യ വിക്കറ്റ് വീണത് ഏഴ് ഓവറിൽ സ്കോർ 77ൽ എത്തിയശേഷമാണ്. ഓപ്പണർ ഗേസ് ഹാരിസ് (39) റണ്ണൗട്ടായി ആദ്യ വിക്കറ്റ് നഷ്ടമായി.
സഹ ഓപ്പണർ ജോർജിയ വോൾ (56 പന്തിൽ 99 റണ്‍സ്) അർഹിച്ച സെഞ്ചുറിക്ക് ഒരു റണ്‍സ് പുറകിൽ വീണു. മൂന്നാം നന്പരിലെത്തിയ കിരണ്‍ നാവ്ഗീർ (16 പന്തിൽ 46 റണ്‍സ്) ബംഗളുരു ബൗളർമാരെ നിലംതൊടാൻ അനുവദിച്ചില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗളൂരുവിന് കാര്യമായി പൊരുതാനായില്ല.
സ്കോർ 29ൽ നിൽക്കേ ക്യാപ്റ്റൻ സ്മൃതി മന്ദാന നാല് റണ്‍സുമായി പുറത്തായി. തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തിയ യുപി വാരിയേഴ്സ് പന്ത്രണ്ട് റണ്‍സ് ജയം സ്വന്തമാക്കി. 69 റണ്‍സ് നേടിയ റിച്ച ഘോഷ് മാത്രമാണ് ബംഗളൂരു നിരയിൽ പൊരുതിയത്.