ഫൈനൽ ഇന്ന്
Sunday, March 9, 2025 1:58 AM IST
ദുബായ്: രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ടീം ഇന്ത്യക്കു വീണ്ടുമൊരു ഐസിസി ഏകദിന ക്രിക്കറ്റ് ഫൈനല്‍. 2023 നവംബറില്‍ അഹമ്മദാബാദില്‍വച്ചു നടന്ന 2023 ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടതിന്റെ വേദനയ്ക്കു ചെറിയ ആശ്വാസം നല്കാന് ചാമ്പ്യന്‍സ് ട്രോഫി പ്രതീക്ഷിച്ച് ടീം ഇന്ത്യ ഇന്നു കളത്തില്‍.
ദുബായ് ഇന്റർനാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്ഡിനെതിരേ ടീം ഇന്ത്യ ഇറങ്ങും. 2024 ട്വന്റി20 ലോകകപ്പ് ജേതാക്കളായ രോഹിത് ശര്‍മയും കൂട്ടരും, ഒമ്പതു മാസത്തിനിടെ രണ്ടാം ഐസിസി കിരീടമാണ് സ്വപ്നം കാണുന്നത്.
എം.എസ്. ധോണിക്കുശേഷം (2013) ഇന്ത്യക്കു ചാമ്പ്യന്‍സ് ട്രോഫി സമ്മാനിച്ച ക്യാപ്റ്റന്‍ എന്ന നേട്ടത്തിന്റെ വക്കിലാണ് രോഹിത് ശര്‍മ.
മറുവശത്ത്, ഐസിസി നോക്കൗട്ട് ചരിത്രത്തില്‍ ഇന്ത്യക്കുമേല്‍ ഇതുവരെയുള്ള ആധിപത്യം തുടരാനാണ് ന്യൂസിലന്‍ഡിന്റെ വരവ്.