പിടി വിടാതെ റയൽ
Tuesday, March 11, 2025 12:50 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഒന്നാം സ്ഥാനത്തിനായി സമ്മർദം കടുപ്പിച്ച് റയൽ മാഡ്രിഡ്. റയോ വയ്യക്കാനോയെ 1-2നു മറികടന്ന റയൽ മാഡ്രിഡ്, പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്ക് (57) ഒപ്പമെത്തി.
ഗോൾ വ്യത്യാസത്തിൽ റയലാണ് രണ്ടാമത്. അതേസമയം, ഗെറ്റാഫയോട് 2-1ന് അപ്രതീക്ഷിത തോൽവി വഴങ്ങിയ അത്ലറ്റിക്കോ മാഡ്രിഡ് 56 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
കിലിയൻ എംബപ്പെയുടെയും വിനീഷ്യസ് ജുണിയറിന്റെയും ഗോളുകളുടെ ബലത്തിലാണ് റയൽ മാഡ്രിഡ് വയ്യക്കാനോയ്ക്കെതിരേ ജയം നേടിയത്.
30-ാം മിനിറ്റിൽ എംബപ്പെയിലൂടെ റയൽ മുന്നിലെത്തി. രണ്ട് മിനിറ്റുകൾക്കുള്ളിൽ വിനീഷ്യസും ലക്ഷ്യം കണ്ടതോടെ റയൽ ജയത്തിനരികിൽ. പെട്രോ ഡിയസ് (45+3’) വയ്യെക്കാനോയ്ക്കായി സ്കോർ ചെയ്ത് പ്രതീക്ഷ നൽകിയെങ്കിലും രണ്ടാം പകുതി ഗോൾ രഹിതമായി.