വിദര്‍ഭയിലേക്കു ചെരിഞ്ഞ് വെള്ളിക്കപ്പ്
Sunday, March 2, 2025 12:01 AM IST
നാഗ്പുരിൽനിന്ന് എ.വി. സുനിൽ കുമാർ
മലയാളി താരം കരുണ്‍ നായരുടെ റണ്‍വേട്ടയില്‍ കേരളത്തിനെതിരേയുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം വിദര്‍ഭയുടെ കൈകളിലെത്താന്‍ സാധ്യതയേറി. കളിയുടെ നാലാം ദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 249 എന്ന ഭദ്രമായ നിലയിലാണു വിദര്‍ഭ.
ബാറ്റിംഗ് ഏറെ ദുഷ്കരമായ പിച്ചില്‍ 280 പന്തുകള്‍ നേരിട്ട് 132 റണ്‍സുമായി കരുണ്‍ നായരും നാല് റണ്‍സുമായി ക്യാപ്റ്റന്‍ അക്ഷയ് വഡ്കറുമാണു ക്രീസില്‍. ഇതിനകം 286 റണ്‍സ് ലീഡ് വഴങ്ങിയ കേരളത്തിന്റെ കൈയില്‍നിന്ന് കളി ഏറെക്കുറെ വഴുതിമാറിക്കഴിഞ്ഞു.
ഇന്നലെ രണ്ടാം ഓവറിന്റെ ആദ്യപന്തില്‍ ഓപ്പണര്‍ പാര്‍ഥ് രഖാഡെയെ ക്ലീന്‍ബൗള്‍ഡാക്കി ജലജ് സക്സേനയും മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ ധ്രുവ് ഷോറെയെ കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ച് എം.ഡി. നിധീഷും കേരളത്തിനു മേധാവിത്വം നല്‍കിയെങ്കിലും കരുണ്‍-ഡാനിഷ് സഖ്യത്തിന്റെ പ്രതിഭയും കേരളത്തിന്റെ ചോരുന്ന കൈകളും ഒരുപോലെ മത്സരഗതിയെ സ്വാധീനിച്ചു.
ധ്രുവ് ഷോറയെ പുറത്താക്കിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ ക്യാച്ച് മാത്രമായിരുന്നു ഇതിന് അപവാദം. ഓഫ് സ്റ്റംപിനു വെളിയിലൂടെ വന്ന പന്തില്‍ ബാറ്റ് വീശാനുള്ള ഷോറയുടെ നീക്കം പരാജയപ്പെട്ടതോടെ ഒന്നാം സ്ലിപ്പിലേക്ക് പാഞ്ഞ പന്തിനെ അവിശ്വസനീയമായി അസ്ഹര്‍ കൈയിലൊതുക്കുകയായിരുന്നു.
ദിവസത്തിന്റെ തുടക്കംമുതല്‍ കാര്യമായ ബൗണ്‍സ് ലഭിക്കാത്ത പിച്ചില്‍ അതിവേഗം തിരിയുന്ന പന്തുകളുടെ ഗതി മനസിലാക്കുന്നതില്‍ തുടക്കത്തില്‍ വിദര്‍ഭ ബാറ്റര്‍മാര്‍ ഏറെ വിഷമിച്ചു. ആക്രമണത്തിനു പകരം അമിത പ്രതിരോധത്തിനാണ് കേരളം ഈ ഘട്ടത്തില്‍ ശ്രമിച്ചത്.
രണ്ടു വിക്കറ്റുകള്‍ വീണതോടെ ഒന്നിച്ച കരുണും ഡാനിഷും ക്ഷമയോടെ ക്രീസില്‍ നിലയുറപ്പിച്ചതോടെ ബൗളര്‍മാരുടെ ആവേശവും കെട്ടു. ഏദന്‍ ആപ്പിള്‍ ടോമിന്റെ പന്തില്‍ കരുണ്‍ നായര്‍ നല്കിയ ക്യാച്ച് അക്ഷയ് ചന്ദ്രന് കൈവിട്ടതും വലിയ തിരിച്ചടിയായി. 31 റണ്‍സായിരുന്ന ഘട്ടത്തില്‍ ലഭിച്ച ലൈഫില്‍നിന്ന് നാലാംദിവസത്തേക്കും ബാറ്റ് വീശുകയാണ് കരുണ്‍ നായര്‍.
ഒരു റണ്‍ മാത്രം എത്തിനില്‍ക്കേ ഡാനിഷ് മലെവര്‍ ജലജ് സക്സേനയുടെ അതിശക്തമായ എല്‍ബിഡബ്ല്യു അപ്പീലില്‍നിന്നും രക്ഷപ്പെട്ടു. കേരളം റിവ്യു നല്‍കിയെങ്കിലും തേഡ് അന്പയര്‍ ഒടുവില്‍ ആവശ്യം നിരാകരിച്ചു. രണ്ട് ഓവറിനുശേഷം നേരേ തിരിച്ചായി കാര്യങ്ങള്‍. എം.ഡി. നിധീഷിന്റെ അതിവേഗ പന്തിനുമുന്നില്‍ ക്രോസ് ചെയ്ത മലെവര്‍ പുറത്തായതായി വിധിച്ചെങ്കിലും വിദര്‍ഭ മൂന്നാം അന്പയറെ സമീപിച്ച് വിക്കറ്റ് സുരക്ഷിതമാക്കി.
സഖ്യം പിന്നീട് 182 റണ്‍സാണ് സ്കോര്‍ ബോര്‍ഡില്‍ എത്തിച്ചത്. മൂന്നാം സെഷനില്‍ മലെവാറിനെ പുറത്താക്കി അക്ഷയ് ചന്ദ്രന് കേരളത്തിന് ചെറിയൊരു ആശ്വാസം നല്‍കുകയായിരുന്നു. തൊട്ടുപിന്നാലെ ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായ യാഷ് റാത്തോഡും (24) മടങ്ങി. ആദിത്യ സര്‍വാതെയുടെ പന്തില്‍ എല്‍ബി.
കേരളത്തിനുവേണ്ടി എം.ഡി. നിധീഷും ജലജ് സക്സേനയും അക്ഷയ് ചന്ദ്രനും സര്‍വാതെയും ഓരോ വിക്കറ്റ് വീതം നേടി.
ക്രിക്കറ്റ് വേണോ കിരീടം വേണോ?
നാഗ്പുര്‍: രഞ്ജി ഫൈനില്‍ ഇന്നത്തെ ദിവസവും രണ്ടു സെഷനും മാത്രം ലഭ്യമായിരിക്കെ വിദര്‍ഭയെ എത്രയും വേഗം പിടിച്ചുകെട്ടുക മാത്രമാണ് കേരളത്തിനു മുന്നിലുള്ള വഴി. നാലാം ഇന്നിംഗ്സില്‍ ബാറ്റിംഗ് അതീവദുഷ്കരമാകും എന്നതു മറ്റൊരു കാര്യം.
അതേസമയം, മത്സരം സമനിലയില്‍ പിരിഞ്ഞാലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ആനുകൂല്യത്തില്‍ വിദര്‍ഭ ട്രോഫി സ്വന്തമാക്കും. ഇന്നലെ കളിയുടെ തുടക്കത്തില്‍ രണ്ടു വിക്കറ്റുകള്‍ കൊഴിഞ്ഞതോടെ സ്റ്റേഡിയത്തില്‍ അങ്ങിങ്ങ് ഉച്ചത്തില്‍ ഗണ്‍പത് ബംബ മോറിയ വിളികള്‍ മുഴങ്ങി. ക്രിക്കറ്റ് വേണോ, കിരീടം വേണോ എന്ന ആലോചനയില്‍ വിദര്‍ഭ ക്യാമ്പ് ഇതും പരിഗണിച്ചേക്കും.
ഇന്ന് ഉച്ച വരെ ബാറ്റ് ചെയ്ത ശേഷം ഔപചാരികതയ്ക്കായി കേരളത്തെ രണ്ടാം ഇന്നിംഗ്സിന് അയച്ച് കിട്ടുന്ന വിക്കറ്റുകള്‍ സ്വന്തമാക്കുക, ഒന്നാം ഇന്നിംഗ്സിന്റെ ബലത്തില്‍ കിരീടം സ്വന്തമാക്കുക. ഇതിനാണ് സാധ്യത കൂടുതല്‍. ക്രിക്കറ്റിനെ കൂടുതല്‍ സക്രിയമാക്കുക എന്നതാണെങ്കില്‍ ആദ്യ സെഷന്റെ പകുതിയില്‍ കേരളത്തെ ബാറ്റിംഗിന് അയച്ച് ഒരു പോരാട്ടത്തിന് ശ്രമിക്കുക എന്ന വഴിയും വിദർഭയ്ക്കു മുന്നിൽ ശേഷിക്കുന്നുണ്ട്.
ഇവമ്മാരെക്കൊണ്ടു തോറ്റു!
നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിലെ കേരളത്തിന്റെ മുന്നേറ്റത്തിനു മുന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുകയാണ് വിദര്‍ഭയുടെ മലയാളിതാരം കരുണ്‍ നായരും ഡാനിഷ് മലെവര്‍ എന്ന മധ്യനിര ബാറ്ററും. ഒന്നാം ഇന്നിംഗ്സിന്റെ തനിയാവര്‍ത്തനത്തിലൂടെ രണ്ടാം ഇന്നിംഗ്സിലും ഇരുവരും കേരളത്തിന്റെ കിരീടസ്വപ്നങ്ങളില് കരിനിഴല്‍വീഴ്ത്തിക്കഴിഞ്ഞു.
കളിയുടെ ആദ്യദിനം മൂന്ന് വിക്കറ്റിന് 24 എന്ന നിലയില്‍നിന്ന് നാലിന് 239 എന്ന നിലയില്‍ വിദര്‍ഭയെ എത്തിച്ച സഖ്യം നാലാംദിവസവും രക്ഷകവേഷത്തില്‍ അവതരിച്ചു. മലേവര്‍ 153 റണ്‍സും കരുണ്‍ 86 റണ്‍സുമാണ് ഒന്നാം ഇന്നിംഗ്സില്‍ അടിച്ചെടുത്തത്.
നാലാംദിവസം ഏഴിന് രണ്ട് എന്ന ഘട്ടത്തില്‍ രക്ഷകവേഷം അണിഞ്ഞ ഇരുവരും പിരിയുമ്പോള്‍ വിദര്‍ഭ മൂന്നിന് 189 എന്ന സുരക്ഷിത നിലയിലായിക്കഴിഞ്ഞു. മലെവര്‍ 73നു പുറത്തായപ്പോള്‍ കരുണ്‍ 132 റണ്‍സുമായി അഞ്ചാംദിവസം ബാറ്റിംഗ് തുടരും.
മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവും രണ്ടില്‍ ആര്‍ക്കു നല്‍കണം എന്നതില്‍ സംശയമുണ്ടായേക്കാം എന്ന തരത്തിലാണ് സ്കോറിംഗ്. 280 പന്തുകൾ നേരിട്ട് രണ്ട് സിക്സറുകളുടെയും പത്ത് ബൗണ്ടറികളുടെയും അകമ്പടിയിലാണ് കരുണ്‍ 132 ഓടെ ടീമിനെ വിജയവഴിയില്‍ എത്തിച്ചിരിക്കുന്നത്.
രാജ്യത്തിനായി ഒട്ടേറെത്തവണ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടും അവഗണിക്കപ്പെടുന്നതിന്റെ നിരാശയൊന്നും കരുണിന്റെ ബാറ്റിംഗിനെ തരിമ്പും ബാധിച്ചിട്ടില്ല. കരിയറിലെ മൂന്നാം ടെസ്റ്റില്‍ത്തന്നെ ട്രിപ്പിള്‍ സെഞ്ചുറി നേടുകയും സമീപകാല ആഭ്യന്തര ടൂര്‍ണമെന്റുകളിലെല്ലാം അസാമാന്യ പ്രകടനം പുറത്തെടുക്കുകയും ചെയ്തെങ്കിലും ദേശീയ സെലക്ടര്‍മാരുടെ വാത്സല്യഭാജനമാകാന് എന്തുകൊണ്ടോ കരുണിന് കഴിയുന്നില്ല.
എങ്കിലും ആഭ്യന്തരക്രിക്കറ്റില്‍ കരുണാരഹിതമായി റണ്‍വേട്ട തുടരുന്നു. രഞ്ജിയിലെ ഈ പോരാട്ടം കരുണിന്റെ 114-ാം ഫസ്റ്റ് ക്ലാസ് മത്സരമാണ്. ആദ്യ ഇന്നിംഗ്സില്‍ പത്ത് റണ്‍സ് പൂര്‍ത്തിയാക്കുമ്പോഴേക്കും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 8000 റണ്‍സ് തികച്ച കരുണിനു വലിയ ടൂര്‍ണമെന്റുകളിലെല്ലാം സമ്മര്‍ദമില്ലാതെ കളിക്കുന്ന താരമെന്ന വിശേഷണവുമുണ്ട്. 2015 ല്‍ കര്‍ണാടകയ്ക്കുവേണ്ടി ഫൈനലില്‍ അടിച്ചുകൂട്ടിയ 328 റണ്‍സ് ഇനിയും തകര്‍ക്കപ്പെടാത്ത റിക്കാര്‍ഡായി തുടരുന്നു.
വിജയ് ഹസാരെ ട്രോഫിയില്‍ ഏഴ് ഇന്നിംഗ്സുകളില്‍നിന്ന് അഞ്ച് സെഞ്ചുറിയടക്കം 752 റണ്‍സും കരുണ്‍ നേടി. ഈ സീസണില്‍ കേരളത്തിനായി കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും കെസിഎ താത്പര്യം കാണിച്ചില്ല.
ചെങ്ങന്നൂര്‍ സ്വദേശി: ക്രിക്കറ്ററായത് ആരോഗ്യത്തിന്
നാഗ്പുര്‍: ചെങ്ങന്നൂരില്‍നിന്നുള്ള മലയാളി ദമ്പതികളുടെ മകനായി രാജസ്ഥാനിലെ ജോധ്പുരില്‍ ജനിച്ച കരുണ്‍ നായര്‍ ചെറുപ്പത്തിലെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ മറികടക്കാന്‍ ഡോക്ടര്‍മാരുടെ ഉപദേശ പ്രകാരം കായികതാരമാവുകയായിരുന്നു.
എന്‍ജിനിയറായ അച്ഛന് കലാധരന്‍ നായരുടെ ജോലിയുമായി ബന്ധപ്പെട്ട് ജോധ്പുരിലാണു കുറച്ചുകാലം കഴിഞ്ഞത്. തുടര്‍ന്ന് കുടുംബം ബംഗളൂരുവിലേക്കു ചേക്കേറി. അമ്മ പ്രേമ നായര്‍ അധ്യാപികയായിരുന്ന ചിന്മയ വിദ്യാലയത്തിലായിരുന്നു പഠനം.
പൂര്‍ണവളര്‍ച്ചയെത്തും മുമ്പ് പിറന്ന കുട്ടിയെന്ന നിലയില്‍ കൂടുതല്‍ കരുത്തിനായി കായികപരിശീലനം നടത്തണമെന്ന ഡോക്ടര്‍മാരുടെ ഉപദേശമാണ് വിസ്മയിപ്പിക്കുന്ന താരമായുള്ള വളര്‍ച്ചയുടെ തുടക്കം.