ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ന്യൂസിലൻഡിനു അഞ്ചു വിക്കറ്റ് ജയം
Tuesday, February 25, 2025 12:52 AM IST
റാവൽപിണ്ടി: ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ സെമിയിലേക്ക് ചുവട് വച്ച് ന്യൂസിലൻഡ്. ഗ്രൂപ്പ് എയിൽ ന്യൂസിലൻഡ് തങ്ങളുടെ രണ്ടാം മത്സരത്തിൽ അഞ്ചു വിക്കറ്റുകൾക്ക് ബംഗ്ലാദേശിനെ തോൽപ്പിച്ചു.
സ്കോർ: ബംഗ്ലാദേശ് 50 ഓവറിൽഒൻപതു വിക്കറ്റ് നഷ്ടത്തിൽ 236 റണ്‍സ്. ന്യൂസിലൻഡ് 46.1 ഓവറിൽ അഞ്ചു വിക്കറ്റിന് 240.
ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് ആതിഥേയരായ പാക്കിസ്ഥാനെ തോൽപ്പിച്ചിരുന്നു. അതേസമയം ആദ്യത്തെ കളി ഇന്ത്യയോടു തോറ്റ ബംഗ്ലദേശിന് മൂന്നോട്ടുപോകണമെങ്കിൽ ഇന്നു ജയിക്കണമായിരുന്നു.
ഗ്രൂപ്പിൽ രണ്ടു മത്സരങ്ങൾ വീതം ജയിച്ച ഇന്ത്യയും ന്യൂസിലൻഡും 2025 ചാന്പ്യൻസ് ട്രോഫിയിൽ സെമിയിലെത്തുന്ന ആദ്യ ടീമുകളായി.
ടോസ് നഷ്ടപ്പെട്ട ബാറ്റ് ചെയ്യേണ്ടിവന്ന ബംഗ്ലാദേശിനെ അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷന്റോയുടെ പ്രകടമാണ്് ബംഗ്ലദേശിനെ പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത്. 110 പന്തുകൾ നേരിട്ട ബംഗ്ലദേശ് ക്യാപ്റ്റൻ 77 റണ്‍സെടുത്തു പുറത്തായി. ഒൻപതു ഫോറുകളാണു നേടിയത്
ജേക്കർ അലി (55 പന്തിൽ 45), റിഷാദ് ഹുസൈൻ (25 പന്തിൽ 26), തൻസിദ് ഹസൻ (24 പന്തിൽ 24) എന്നിവർ ബംഗ്ലദേശിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ന്യൂസിലൻഡിനായി മിച്ചൽ ബ്രേസ്വെൽ നാലു വിക്കറ്റുകൾ (10-0-26-4) വീഴ്ത്തി.
മറുപടി സെഞ്ചുറിയിലൂടെ
മറുപടി ബാറ്റിംഗ് ആരംഭിച്ച കിവീസിന് ആദ്യ ഓവറിൽ തന്നെ സ്കോർബോർഡ് തുറക്കും മുന്‍പേ വിൽ യംഗിനെ താസ്കിൻ അഹമ്മദ് ക്ലീൻബൗൾഡാക്കി. സ്കോർബോർഡിൽ 15 റണ്‍സ് ആയപ്പോൾ കെയ്ൻ വില്യംസണിനെയും (5) നഷ്ടമായി. നാഹിദ് റാണയാണ് വിക്കറ്റ് നേടിയത്.
ന്യൂസിലൻഡിന്റെ അപകടഘട്ടം കഴിഞ്ഞെന്ന് പ്രതീക്ഷിച്ചിരിക്കേ മൂന്നാം വിക്കറ്റിൽ 57 റണ്‍സ് കൂട്ടിച്ചേർത്ത് ഡെവേണ്‍ കോണ്‍വെ-രചിൻ രവീന്ദ്ര സഖ്യത്തെ മുഷ്ഫിഖർ റഹീം പൊളിച്ചു. 45 പന്തിൽ 30 റണ്‍സ് നേടിയ കോണ്‍വെയെ ക്ലീൻബൗൾഡാക്കി.
മൂന്നു വിക്കറ്റിന് 72 റണ്സിൽനിന്ന ന്യൂസിലൻഡ് രചിൻ രവീന്ദ്ര-ടോം ലാഥം എന്നിവരുടെ ചിറകിലേറി മുന്നോട്ടു നീങ്ങി. ഇതോടെ ബംഗ്ലാദേശിന്റെ നിയന്ത്രണം അയഞ്ഞു തുടങ്ങി. നാലാം വിക്കറ്റിൽ ഇരുവരും 129 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. ഇതിനിടെ രവീന്ദ്ര നാലാം ഏകദിന സെഞ്ചുറിയിലെത്തി.
105 പന്തിൽ 12 ഫോറും ഒരു സിക്സും സഹിതം 112 റണ്‍സ് നേടിയ രചിനെ റിഷാദ് ഹുസൈൻ പുറത്താക്കി. വൈകാതെതന്നെ അർധ സെഞ്ചുറി കടന്ന ലാഥം (76 പന്തിൽ 55) റണ്ണൗട്ടായി. പിന്നീടൊരുമിച്ച ഗ്ലെൻ ഫിലിപ്സും (21*) മൈക്കിൾ ബ്രേസ്വെല്ലും (11*) ടീമിനെ വിജയത്തിലെത്തിച്ചു.